'കറുത്ത കുര്‍ബാന' നടത്താന്‍ ശ്രമിച്ച നാല് സാത്താന്‍ വാദികള്‍ അറസ്റ്റില്‍ (വീഡിയോ)

Update: 2025-03-30 04:46 GMT

കന്‍സസ്(യുഎസ്): 'കറുത്ത കുര്‍ബാന' നടത്താന്‍ ശ്രമിച്ച നാലു സാത്താന്‍ വാദികളെ പോലിസ് അറസ്റ്റ് ചെയ്തു. യുഎസിലെ കന്‍സസ് സംസ്ഥാനത്താണ് സംഭവം. ക്രിസ്ത്യാനികളെ യുഎസ് ഭരണകൂടം പിന്തുണക്കുന്നു എന്ന് ആരോപിച്ചാണ് കന്‍സസ് നഗരത്തിലെ സാത്താന്‍ വാദികളുടെ സംഘടനയായ ഗ്രോട്ടോയുടെ പ്രസിഡന്റായ മൈക്കിള്‍ സ്റ്റുവര്‍ട്ടിന്റെ നേതൃത്വത്തിലുള്ള സംഘം 'കറുത്ത കുര്‍ബാന' നടത്താന്‍ ശ്രമിച്ചത്. ഭരണകൂടത്തെയും മതത്തെയും വേര്‍തിരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കന്‍സസ് സ്റ്റേറ്റ്ഹൗസിന് പുറത്ത് കുര്‍ബാന നടത്താനായിരുന്നു തീരുമാനമെങ്കിലും ഗവര്‍ണര്‍ അനുമതി നിഷേധിച്ചു. റോമന്‍ കത്തോലിക്ക വിഭാഗങ്ങളുടെ ആവശ്യപ്രകാരമായിരുന്നു നിരോധനം. ഇതോടെ ഒരു ഹാളില്‍ പരിപാടി നടത്താന്‍ ശ്രമിക്കുകയായിരുന്നു. സാത്താന്‍വാദികള്‍ നടത്തിയ പ്രകടനത്തെ നേരിടാന്‍ നൂറുകണക്കിന് ക്രിസ്ത്യാനികളും സംഘടിച്ചു. ഹാളില്‍ പരിപാടി നടക്കുന്നതിനിടെ ഒരു ചെറുപ്പക്കാരന്‍ മൈക്കിള്‍ സ്റ്റുവര്‍ട്ടിന്റെ കൈയ്യിലെ കടലാസ് തട്ടിയെടുക്കാന്‍ ശ്രമിച്ചു. ഇതോടെ മൈക്കിള്‍ അയാളെ മര്‍ദ്ദിച്ചു. തുടര്‍ന്ന് മൈക്കിളിനെ പോലിസ് കസ്റ്റഡിയില്‍ എടുത്തു.