ശാസ്തമംഗലത്തെ എംഎല്‍എ ഓഫിസ് വിവാദം: സൗഹൃദപരമായ അഭ്യര്‍ഥനയെന്ന് ശ്രീലേഖ, രാഷ്ട്രീയ നീക്കമെന്ന് പ്രശാന്ത്

Update: 2025-12-28 07:28 GMT

തിരുവനന്തപുരം: ശാസ്തമംഗലത്തെ കോര്‍പറേഷന്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എംഎല്‍എ ഓഫിസ് ഒഴിയണമെന്ന് ആവശ്യപ്പെട്ട ഫോണ്‍വിളി വിവാദമായതിനു പിന്നാലെ വിശദീകരണവുമായി കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ രംഗത്തെത്തി. വി കെ പ്രശാന്ത് തന്റെ അടുത്ത സുഹൃത്തും സഹോദരതുല്യനുമായ ആളാണെന്നും, സൗഹൃദപരമായ അഭ്യര്‍ഥനയുടെ ഭാഗമായിട്ടാണ് എംഎല്‍എയോട് സംസാരിച്ചതെന്നും ശ്രീലേഖ മാധ്യമങ്ങളോട് പറഞ്ഞു.

സ്ഥലപരിമിതിയാണ് വിഷയം ഉന്നയിക്കാന്‍ കാരണമെന്നും, ഓഫിസ് ഒഴിയണമെന്ന നിര്‍ബന്ധമല്ല, അഭ്യര്‍ഥന മാത്രമാണ് നടത്തിയതെന്നും അവര്‍ വ്യക്തമാക്കി. മേയറുമായി കൂടിയാലോചിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ശ്രീലേഖ അറിയിച്ചു. എംഎല്‍എ ക്വാര്‍ട്ടേഴ്‌സിന് സമീപമാണ് കെട്ടിടമെന്നും, മണ്ഡലത്തില്‍ എംഎല്‍എയ്ക്ക് എവിടെയും സൗകര്യപ്രദമായ സ്ഥലം കണ്ടെത്താന്‍ കഴിയുമെന്നുമാണ് അവരുടെ നിലപാട്.

ഫോണ്‍ സംഭാഷണത്തിന്റെ പശ്ചാത്തലവും ശ്രീലേഖ വിശദീകരിച്ചു. മുന്‍ കൗണ്‍സിലറുമായി നടത്തിയ ചര്‍ച്ചയിലാണ് ഓഫിസ് സൗകര്യത്തെക്കുറിച്ചുള്ള വിഷയം ഉയര്‍ന്നതെന്നും, തുടര്‍ന്ന് പ്രശാന്തിനെ വിളിച്ചാണ് കാര്യം അവതരിപ്പിച്ചതെന്നും അവര്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കെട്ടിടം ആവശ്യമാണെന്ന പ്രശാന്തിന്റെ നിലപാട് അറിയിച്ചുവെന്നും, വിഷയം പരിഗണിക്കണമെന്നാവശ്യപ്പെട്ടതാണെന്നും ശ്രീലേഖ വ്യക്തമാക്കി. ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്തിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇതിനു പിന്നാലെ ശ്രീലേഖ എംഎല്‍എ ഓഫിസിലെത്തി വി കെ പ്രശാന്തുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും തമ്മില്‍ യാതൊരു പ്രശ്‌നവും ഇല്ലെന്നും പറഞ്ഞു.

അതേസമയം, ഓഫിസ് ഒഴിയണമെന്ന ആവശ്യം സാമാന്യനീതിയുടെ ലംഘനമാണെന്ന നിലപാട് വി കെ പ്രശാന്ത് ആവര്‍ത്തിച്ചു. ഏഴു വര്‍ഷമായി പൊതുജനങ്ങള്‍ ആശ്രയിക്കുന്ന എംഎല്‍എ ഓഫിസ് ഫോണിലൂടെ ഒഴിയാന്‍ ആവശ്യപ്പെടുന്നത് ശരിയായ നടപടിയല്ലെന്ന് അദ്ദേഹം പറഞ്ഞു. കോര്‍പറേഷന്‍ നിശ്ചയിച്ച വാടക അടച്ചാണ് ഓഫിസ് പ്രവര്‍ത്തിക്കുന്നതെന്നും, നിയമപരമായ നടപടികള്‍ പാലിച്ചേ ഒഴിപ്പിക്കല്‍ സാധ്യമാകൂവെന്നും പ്രശാന്ത് വ്യക്തമാക്കി.

കൗണ്‍സില്‍ തീരുമാനപ്രകാരം അനുവദിച്ച ഓഫിസ്, വാടകക്കരാര്‍ അവസാനിക്കുന്ന മാര്‍ച്ച് 31 വരെ തുടരാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എംഎല്‍എ ഓഫിസിനായി സ്ഥലം അനുവദിച്ച കൗണ്‍സില്‍ തീരുമാനം റദ്ദാക്കിയാല്‍ മാത്രമേ നഗരസഭാ സെക്രട്ടറിയുടെ ഭാഗത്ത് നിന്ന് ഒഴിയാന്‍ നോട്ടിസ് നല്‍കാനാവൂവെന്നും പ്രശാന്ത് വിശദീകരിച്ചു. സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ നീക്കമുണ്ടെന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചു. കോര്‍പറേഷന്‍ കെട്ടിടത്തില്‍ കൗണ്‍സിലര്‍ ഓഫിസ് അനുവദിക്കേണ്ടത് മേയര്‍ വഴിയുള്ള നടപടിക്രമങ്ങളിലൂടെയാണെന്നും, സൗകര്യം ലഭ്യമല്ലെങ്കില്‍ മറ്റു കെട്ടിടങ്ങള്‍ വാടകയ്ക്ക് എടുക്കാമെന്നുമാണ് ചട്ടംമെന്നുമാണ് നഗരസഭാ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

Tags: