കുടകില്‍ ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ കണ്ടെത്തി

Update: 2026-04-05 13:10 GMT

ബെംഗളൂരു: കര്‍ണാടക കുടകില്‍ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശിനി ശരണ്യയെ(36)കണ്ടെത്തി. കാട്ടില്‍ കാണാതായി നാലാം ദിവസത്തെ തെരച്ചിലിനൊടുവിലാണ് ശരണ്യയെ കണ്ടെത്തിയിരിക്കുന്നത്. പോലിസും വനംവകുപ്പും നടത്തിയ വ്യാപകമായ തിരച്ചിലിലാണ് ശരണ്യയെ ഇന്ന് ജീവനോടെ കണ്ടെത്തിയത്. ട്രക്കിങ്ങിനിടെ ശരണ്യയ്ക്ക് വഴിതെറ്റുകയായിരുന്നു. തെര്‍മല്‍ ഡ്രോണ്‍ അടക്കം ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് നടത്തിയ തെരച്ചിലിലാണ് ശരണ്യയെ വൈകീട്ടോടെ കണ്ടെത്തിയത്.

ശരണ്യയെ രണ്ടാം തീയതി ഉച്ചമുതലാണ് കാണാതായത്. എറണാകുളത്ത് സോഫ്‌റ്റ്വെയര്‍ എന്‍ജിനീയറായ ശരണ്യ ജി എസ് തനിച്ചാണ് കുടകിലെത്തിയത്. കുടകിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ തടിയന്‍ഡമോള്‍ കയറാനെത്തിയതായിരുന്നു. ഏപ്രില്‍ രണ്ടിന് ഒറ്റയ്ക്കാണ് കൊച്ചിയില്‍ നിന്ന് ശരണ്യ കുടകിലെത്തിയത്. നാപ്പോക്ലുവിനടുത്തുള്ള യാവകപാടി ഗ്രാമത്തിലെ ഹോംസ്റ്റേയിലാണ് താമസിച്ചിരുന്നത്. വ്യാഴാഴ്ച രാവിലെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് ശരണ്യ ഉള്‍പ്പെടെയുള്ള സംഘം ട്രക്കിങ്ങിനായി പുറപ്പെട്ടത്. വൈകുന്നേരം നാല് മണിയോടെ സംഘം തിരിച്ചെത്തിയെങ്കിലും ശരണ്യ ഒപ്പമുണ്ടായിരുന്നില്ല. യാത്രയ്ക്കിടെ ശരണ്യയെ കാണാതാവുകയായിരുന്നു.