ഡോ. ടിഎസ് ശ്യാംകുമാറിനെതിരായ സംഘപരിവാര ഭീഷണി പ്രതിഷേധാര്‍ഹം: ജോണ്‍സണ്‍ കണ്ടച്ചിറ
തിരുവനന്തപുരം: സംസ്‌കൃത പണ്ഡിതനായ ഡോ. ടിഎസ് ശ്യാംകുമാറിനെതിരേ സംഘപരിവാരം തുടരുന്ന ഭീഷണി പ്രതിഷേധാര്‍ഹമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ പറഞ്ഞു. വലതുപക്ഷ ഫാഷിസത്തെയും മനുവാദ ബ്രാഹ്‌മണ്യത്തിന്റെ മനുഷ്യത്വവിരുദ്ധ ആശയങ്ങളെയും പൊതുസ്ഥലങ്ങളില്‍ തുറന്നുപറഞ്ഞതിനാലാണ് ശ്യാംകുമാറിനെ ലക്ഷ്യമിട്ട ഭീഷണികളെന്നും അദ്ദേഹം ആരോപിച്ചു.
ഡോ. ടിഎസ് ശ്യാംകുമാറിന് ജീവന്‍ഭീഷണി ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തിയിരിക്കുന്നതിനാല്‍ സംഭവം ഗൗരവത്തില്‍ കാണണമെന്ന് ജോണ്‍സണ്‍ കണ്ടച്ചിറ ആവശ്യപ്പെട്ടു. ശ്യാംകുമാറിനെ പിന്തുടര്‍ന്നവരെ അറസ്റ്റ് ചെയ്ത് ഗൂഢാലോചന പുറത്ത് കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍, പോലിസ് എന്നിവര്‍ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹൊസങ്കടി പ്രസാദിനോട് ''എഴുത്ത് വേണോ, കഴുത്ത് വേണോ'' എന്നു ഭീഷണിപ്പെടുത്തിയതും ഇതേ വംശീയ ഫാഷിസത്തിന്റെ ഭാഗമാണെന്ന് ജോണ്‍സണ്‍ കണ്ടച്ചിറ ആരോപിച്ചു. വിമര്‍ശനങ്ങള്‍ ഉന്നയിച്ച നിരവധി ബുദ്ധിജീവികളും ആക്ടിവിസ്റ്റുകളും മനുഷ്യാവകാശ പ്രവര്‍ത്തകരും തടവറയിലാണെന്നും, വസ്തുതകള്‍ക്കു മുന്നില്‍ വാദിക്കാന്‍ ശേഷിയില്ലാത്തതിനാലാണ് സംഘപരിവാരം അധിക്ഷേപങ്ങള്‍ക്കും വധഭീഷണികള്‍ക്കും മുതിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2023 ഒക്ടോബറില്‍ ഹരിപ്പാട് ഹോട്ടലില്‍ ഡോ. ശ്യാംകുമാറിനെതിരേ ശാരീരികമായ ആക്രമണശ്രമം നടന്നിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്ന ഭീഷണികളെന്നും, സംഭവത്തില്‍ പൗരസമൂഹം ശക്തമായി പ്രതികരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.
