കോളജില്‍ വോട്ട് ചോദിക്കാനെത്തിയ സന്ദീപ് വാരിയര്‍ക്ക് മര്‍ദനം

Update: 2026-04-06 16:29 GMT

കാഞ്ഞങ്ങാട്: തൃക്കരിപ്പൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാര്‍ഥി സന്ദീപ് വാരിയര്‍ക്ക് നേരെ അതിക്രമം. നീലേശ്വരം നെഹ്‌റു കോളജില്‍ വോട്ട് അഭ്യര്‍ത്ഥിക്കാന്‍ എത്തിയപ്പോള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. തുടര്‍ന്ന് സന്ദീപിന്റെ മീഡിയ ടീമിന് നേരെ ആക്രമണമുണ്ടായി. തടയാനെത്തിയ കെഎസ് യു യൂണിറ്റ് സെക്രട്ടറിക്കും സന്ദീപ് വാരിയര്‍ക്കും പരിക്കേറ്റു.

സംഭവത്തില്‍ സന്ദീപ് വാരിയര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. എല്ലാവരെയും തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തന്നെ ആക്രമിച്ചത് ഇളയ ഫാസിസ്റ്റെന്നും, പാലക്കാട്ട് രമേഷ് പിഷാരടിയെ തടഞ്ഞത് മൂത്ത ഫാസിസ്റ്റായിരുന്നുവെന്നും സന്ദീപ് വാരിയര്‍ വിമര്‍ശിച്ചു. എസ്എഫ്‌ഐ ആക്രമണം ക്യാംപസ് ചെങ്കോട്ടയാണെന്ന് പറഞ്ഞാണെന്ന് സന്ദീപ് പറഞ്ഞു.

പരാജയം മുന്നില്‍ കണ്ടുള്ള പരിഭ്രാന്തിയാണ് ഇന്ന് കണ്ടത്. വിദ്യാര്‍ഥികളെ ഞാന്‍ കാണരുതെന്ന ഉദ്ദേശത്തോട് കൂടിയാണ് എസ്എഫ്‌ഐ ആക്രമണം. തൃക്കരിപ്പൂരില്‍ ഫാസിസ്റ്റ് നടപടിയാണ് എല്‍ഡിഎഫിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത്. തൃക്കരിപ്പൂരില്‍ എല്ലാവര്‍ക്കും പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യം വേണമെന്നും വ്യപകമായി കള്ളവോട്ടിനും കോപ്പുകൂട്ടുന്നുണ്ടെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

Tags: