സാംഭാല്‍ വെടിവയ്പ്പ്: പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കേസെടുക്കണമെന്ന കോടതി വിധി സ്വാഗതാര്‍ഹം - മുഹമ്മദ് ഇല്യാസ് തുമ്പൈ
കോഴിക്കോട്: സാംഭാലില്‍ പ്രതിഷേധക്കാര്‍ക്ക് നേരെയുണ്ടായ വെടിവയ്പ്പില്‍ ഉത്തരവാദികളായ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കേസെടുക്കാനുള്ള കോടതി ഉത്തരവ് ഈ നീതിയുടെ വിജയമാണെന്ന് എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഇല്യാസ് തുമ്പൈ. അന്നത്തെ സര്‍ക്കിള്‍ ഓഫീസറും നിലവില്‍ എഎസ്പിയുമായ അനുജ് ചൗധരി അടക്കമുള്ളവര്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് സാംഭാല്‍ കോടതി ഉത്തരവിട്ടത്.
2024 നവംബര്‍ 24നു സാംഭാലിലെ ഷാഹി ജാമിയ മസ്ജിദില്‍ നടന്ന സര്‍വേയെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് വെടിവയ്പ്പുണ്ടായത്. സംഭവത്തില്‍ നാലു യുവാക്കള്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ യാമീന്‍ എന്ന വ്യക്തിയുടെ മകന്‍ ആലം കൊല്ലപ്പെട്ട സംഭവത്തിലാണ് ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്. സാധനങ്ങള്‍ വില്‍ക്കുന്നതിനിടയിലാണ് ആലത്തിന് വെടിയേറ്റത്. കോടതി വിധി വന്നിട്ടും കേസെടുക്കാന്‍ പോലിസ് മടിക്കുന്നത് നിയമത്തോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണ് പോലിസ് ശ്രമിക്കുന്നത്. സാംഭാലില്‍ മുസ് ലിം വിഭാഗത്തിനെതിരേ പോലിസ് പക്ഷപാതപരമായാണ് പെരുമാറുന്നത്. ഉദ്യോഗസ്ഥര്‍ക്കെതിരേ കൊലപാതക കുറ്റം ചുമത്തി ഉടന്‍ കേസെടുക്കണമെന്നും ഇരകളുടെ കുടുംബങ്ങള്‍ക്ക് നീതി ഉറപ്പാക്കാന്‍ സുപ്രിംകോടതി ഇടപെടണമെന്നും മുഹമ്മദ് ഇല്യാസ് തുമ്പൈ ആവശ്യപ്പെട്ടു.