ശമ്പള പരിഷ്‌കരണം;സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കാത്തതിനെതിരെ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്

സെപ്തംബര്‍ 13 പ്രതിഷേധ ദിനം ആചരിക്കുമെന്ന് കെജിഎംഒഎ വ്യക്തമാക്കി.ഒക്ടോബര്‍ 11ന് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കുമെന്നും കെജിഎംഒഎ അറിയിച്ചു

Update: 2022-09-12 06:56 GMT

തിരുവനന്തപുരം:ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ സെപ്തംബര്‍ 13 പ്രതിഷേധ ദിനം ആചരിക്കുമെന്ന് കെജിഎംഒഎ വ്യക്തമാക്കി. ഡിഎച്ച്എസ് ഓഫിസിനു മുമ്പിലും ജില്ലാ ആസ്ഥാനങ്ങളിലും ധര്‍ണ നടത്തും. ഒക്ടോബര്‍ 11ന് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കുമെന്നും കെജിഎംഒഎ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

2021 ജനുവരിയില്‍ ഉത്തരവായ പതിനൊന്നാം ശമ്പള പരിഷ്‌കരണത്തില്‍ അടിസ്ഥാന ശമ്പളത്തിലടക്കം കുറവു വരുത്തിക്കൊണ്ട് ആരോഗ്യവകുപ്പ് ഡോക്ടര്‍മാരോട് കടുത്ത അവഗണനയും അവഹേളനവുമാണ് കാണിച്ചത്. ദീര്‍ഘനാള്‍ നീണ്ട നില്‍പ്പ് സമരവും, സെക്രട്ടറിയേറ്റ് ധര്‍ണ്ണയും വാഹന പ്രചരണ ജാഥയുമുള്‍പ്പടെയുള്ള പ്രതിഷേധങ്ങളെ തുടര്‍ന്ന് 2022 ജനുവരി 15ന് ആരോഗ്യ വകുപ്പ് മന്ത്രിയുടെയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ പ്രശ്‌നപരിഹാരത്തിനുള്ള ഉറപ്പുകള്‍ സര്‍ക്കാര്‍ രേഖാമൂലം നല്‍കിയിരുന്നതായും കെജിഎംഒഎ വ്യക്തമാക്കി.

സമയബന്ധിത ഹയര്‍ ഗ്രേഡ് സംബന്ധിച്ചും, 3:1 റേഷ്യോയില്‍ സ്ഥാനക്കയറ്റം നല്‍കുന്നത് സംബന്ധിച്ചും, റൂറല്‍ ഡിഫിക്കള്‍ട്ട് റൂറല്‍ അലവന്‍സ് വര്‍ധിപ്പിക്കുന്നതു സംബന്ധിച്ചും ഉടന്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ നടപടിയുണ്ടാകും. എന്‍ട്രി കേഡറിലെ മെഡിക്കല്‍ ഓഫിസര്‍മാര്‍ക്ക് അടിസ്ഥാന ശമ്പളം വെട്ടിക്കുറച്ച് 8500 രൂപ മാസം നഷ്ടമുണ്ടായതും 2019 ന് ശേഷം പ്രമോഷന്‍ കിട്ടുന്നവര്‍ക്ക് പേഴ്‌സണല്‍ പേ അനുവദിക്കാത്തതും ഉള്‍പ്പെടെയുള്ള മറ്റ് നിരവധി കാര്യങ്ങള്‍ ധനകാര്യ വകുപ്പ് പരിശോധിച്ചു വരികയാണ്, ഇവ ന്യായമായ വിഷയങ്ങളായതിനാല്‍ പോസിറ്റീവ് റിസള്‍ട്ട് ഉണ്ടാകുമെന്നും സര്‍ക്കാര്‍ രേഖാമൂലം ഉറപ്പ് നല്‍കിയതാണെന്നും കെജിഎംഒഎ പറഞ്ഞു.

സര്‍ക്കാര്‍ നല്‍കിയ ഉറപ്പിന്റെയും കൊവിഡ്മൂന്നാംതരംഗത്തിന്റെയും പശ്ചാത്തലത്തില്‍ പ്രതിഷേധ പരിപാടികള്‍ മാറ്റിവയ്ക്കുകയായിരുന്നു. നിരന്തരമുള്ള ഇടപെടലുകള്‍ക്ക് ശേഷവും ജനുവരി മാസം ഉത്തരവാകുമെന്ന് പറഞ്ഞ കാര്യങ്ങളില്‍ തുടര്‍ നടപടികള്‍ ഒന്നും ഉണ്ടാവാത്തതിനെ തുടര്‍ന്ന് മെയ് ഒന്നിന് ആശുപത്രിക്ക് പുറത്തുള്ള ഡ്യൂട്ടികളില്‍ നിന്നും യോഗങ്ങളില്‍ നിന്നും വിട്ടു നിന്നു കൊണ്ട് പ്രതിഷേധിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇറക്കിയ അപാകത പരിഹാര ഉത്തരവ് ഡോക്ടര്‍മാരെ അപമാനിക്കുന്ന തരത്തിലാണെന്ന് കെജിഎംഒഎ വ്യക്തമാക്കി. ഇതില്‍ അനുവദിക്കപ്പെട്ട പരിമിതമായ കാര്യങ്ങളില്‍ പോലും വ്യക്തത ഉണ്ടായിട്ടില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.




Tags: