ഭിന്നശേഷി കുട്ടികളുടെ കായിക സ്വപ്നങ്ങള്‍ സഫലമാക്കിയ സലാം മാഷ് വിരമിച്ചു

Update: 2026-03-30 07:25 GMT

കോഴിക്കോട്: വര്‍ണക്കാഴ്ചകളും ശബ്ദ മാസ്മരികതയും അന്യമാക്കപ്പെട്ട കുട്ടികളെ കളിക്കളത്തിന്റെ ആരവത്തിലേക്ക് കൈപിടിച്ച സലാം മാഷ് വിരമിക്കുന്നു. 36 വര്‍ഷത്തെ സേവനത്തിനിടെ സലാം മാഷ് എന്ന പി ടി അബ്ദുസ്സലാമിന്റെ കണ്ണിലൂടെ ക്രിക്കറ്റ് മൈനതാനത്തില്‍ റണ്‍ മഴ പെയ്യിച്ചവര്‍ നിരവധിയാണ്. അന്ധരും ബധിരരുമായ നിരവധി കുട്ടികളെ കായിക മല്‍സരങ്ങള്‍ക്ക് പ്രാപ്തരാക്കിയതില്‍ സലാമിന്റെ സേവനം നിസ്തുലമായിരുന്നു. സലാം മാഷിന്റെ ശിക്ഷണത്തില്‍ സ്‌കൂള്‍ തലം മുതല്‍ ദേശീയ തലം വരെ മല്‍സരിച്ച് നേട്ടങ്ങള്‍ കൊയ്തവര്‍ നിരവധിയാണ്.

1990ലാണ് കൊളത്തറ സിഎച്ച്എസ്എസ്എച്ച് സ്‌കൂളില്‍ അധ്യാപകനായി തുടക്കം കുറിച്ചത്. 12 വര്‍ഷം ബ്ലൈന്‍ഡ് ക്രിക്കറ്റ് കേരള ടീം കോച്ചായും ബ്ലൈന്‍ഡ് സ്‌പോര്‍ട്‌സ് സ്‌റ്റേറ്റ് ടെക്‌നിക്കല്‍ ഡയറക്ടറായും പ്രവര്‍ത്തിച്ചു. കൊളത്തറ കാലിക്കറ്റ് ഓര്‍ഫനേജ് അന്തേവാസിയായിരുന്ന സലാം മാഷ്. അരീക്കാട് എയുപി സ്‌കൂള്‍, ജിവി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍ തിരുവനന്തപുരം, ഫാറൂഖ് കോളജ്, സീതിസാഹിബ് മെമ്മോറിയല്‍ ട്രെയിനിങ് കോളജ്. തിരുരങ്ങാടി എന്നിവിടങ്ങളില്‍ നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്. പഠന കാലത്ത് ജി വി രാജയുടെയും ഫാറൂഖ് കോളജിന്റെയും നെഹ്‌റു യുവകേന്ദ്രയുടെയും ഫുട്‌ബോള്‍ ടീം അംഗമായിരുന്നു. ജില്ലയിലെയും നാട്ടിലെയും സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളില്‍ കെടിസി, ജോളി ബ്രദേഴ്‌സ്, ബുഖാരി സ്‌പോര്‍ട്‌സ് ക്ലബ്, കോസ്‌മോസ് സ്‌പോട്‌സ്‌ക്ലബ് എന്നിവക്ക് വേണ്ടി ബൂട്ട് കെട്ടിയിട്ടുണ്ട്. ഡല്‍ഹിയില്‍ നടന്ന സുബ്രതോ കപ്പ്, കൊല്‍ക്കത്തയില്‍ നടന്ന ദേശീയ ബെസ്റ്റ് സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് തുടങ്ങിയവയില്‍ കളിച്ചിട്ടുണ്ട്. പ്രശസ്ത ഫുട്‌ബോള്‍ കളിക്കാരും കൊച്ചുമാരുമായിരുന്ന വിക്ടര്‍ മഞ്ജില, ഒളിമ്പ്യാന്‍ റഹ്മാന്‍ എന്നിവരുടെ പരിശീലന ക്യാമ്പുകളില്‍ പങ്കെടുത്തത് അദ്ദേഹത്തെ മികച്ച കളിക്കാരനാക്കാന്‍ സഹായിച്ചു. ഇപ്പോള്‍ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ സജീവമാണ്.

Tags: