എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ കേരള വനിതയായി സഫ്രീന ലതീഫ് (വിഡിയോ)

Update: 2025-05-20 10:17 GMT

ദോഹ: ലോകത്തിലെ ഏറ്റവും ഉയരമുള്ള പര്‍വതമായ എവറസ്റ്റ് വിജയകരമായി കീഴടക്കിയ ആദ്യ കേരള വനിതയായി സഫ്രീന ലതീഫ്. ഒരുമാസത്തോളം നീണ്ട കഠിനമായ ദൗത്യത്തിനൊടുവിലാണ് സഫ്രീന ലതീഫ് കേരളത്തിന് അഭിമാനകരമായ ഈ ചരിത്ര നേട്ടം കൈവരിച്ചത്. എവറസ്റ്റിനെ ഇതിനകം നിരവധി മലയാളികള്‍ കീഴടക്കിയിട്ടുണ്ടെങ്കിലും അവരുടെ പട്ടികയിലെത്തുന്ന ആദ്യ വനിതയാണ് സഫ്രീന.

വേങ്ങാട് കെ.പി. സുബൈദയുടെയും തലശ്ശേരി പുന്നോല്‍ സ്വദേശി പി.എം. അബ്ദുല്‍ ലത്തീഫിന്റെയും മകളാണ് സഫ്രീന. ഖത്തറില്‍ കേക്ക് ആര്‍ടിസ്റ്റായി പ്രവര്‍ത്തിക്കുന്ന സഫ്രീനയുടെ വലിയ സ്വപ്‌നമായിരുന്നു പര്‍വതാരോഹണം. പത്തോളം പേരടങ്ങിയ സംഘത്തിനൊപ്പം ഏപ്രില്‍ 19നാണ് സഫ്രീന ബേസ് കാമ്പിലെത്തിയത്. അവിടെ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു എവറസ്റ്റിലേക്കുള്ള ദൗത്യം.

മേയ് ഒമ്പതിന് എവറസ്റ്റിലേക്കുള്ള പ്രവേശനം ആരംഭിച്ചതോടെ, 14ന് ബേസ്‌ക്യാമ്പില്‍ നിന്നും ദൗത്യത്തിന് തുടക്കം കുറിച്ചതായി സഫ്രീനയുടെ ഭര്‍ത്താവ് ഡോ. ഷമീല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ബേസ് ക്യാമ്പ് വിട്ട ശേഷം സാറ്റലൈറ്റ് ഫോണ്‍ വഴി നീക്കങ്ങള്‍ അറിഞ്ഞതല്ലാതെ കൂടുതല്‍ ആശയവിനിമയമൊന്നും നടത്താനായില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഇതിനുമുമ്പ് ടാന്‍സാനിയയിലെ മൗണ്ട് കിളിമഞ്ചാരോ കീഴടക്കിയ ആദ്യ മലയാളി ദമ്പതികള്‍ കൂടിയായിരുന്നു സഫ്രീനയും ഷമീലും.

Tags: