ശബരിമല യുവതി പ്രവേശനം; എല്ലാ കാലത്തും വിശ്വാസികള്‍ക്കൊപ്പമാണെന്ന് വി എന്‍ വാസവന്‍
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തില്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും ഒരേ നിലപാടാണെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍. ആചാരങ്ങളുമായി പാണ്ഡിത്യം ഉള്ളവരുമായി ചര്‍ച്ചചെയ്ത് വേണം തീരുമാനമെടുക്കാനെന്നും മുന്‍പ് നല്‍കിയ സത്യവാങ്മൂലത്തില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസികള്‍ക്കൊപ്പമാണ് പാര്‍ട്ടിയും സര്‍ക്കാരുമെന്നും വിശ്വാസികളുടെ അവകാശം സംരക്ഷിച്ചുകൊണ്ട് മാത്രമേ സര്‍ക്കാര്‍ മുന്നോട്ടു പോകു എന്നും അദ്ദേഹം പറഞ്ഞു.
2007ല്‍ നമ്മള്‍ കൊടുത്ത ഒരു സത്യവാങ്മൂലമുണ്ട്. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തീരുമാനമെടുക്കേണ്ടത് ആചാര കാര്യങ്ങളില്‍ പാണ്ഡിത്യമുള്ളവരും ഒപ്പം സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുമുള്ള വിദഗ്ദ സമിതിയായിരിക്കണം എന്നുള്ള അഭിപ്രായം 2007ല്‍ സുപ്രിംകോടതി മുന്‍പാകെ സംസ്ഥാന ഗവണ്‍മെന്റ് കൊടുത്തിട്ടുണ്ട്. ആ കാര്യം കൂട്ടിച്ചേര്‍ക്കും. എല്ലാ കാലത്തും വിശ്വാസികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് മുന്നോട്ട് പോകണം എന്ന നിലപാടായിരിക്കും ഗവണ്‍മെന്റിന് ഉണ്ടായിരിക്കുക എന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യത്തില്‍ പാര്‍ട്ടി നിലപാടും ഗവണ്‍മെന്റ് നിലപാടും ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസികള്‍ക്കൊപ്പമാണ് എല്ലാ കാലത്തും. പാര്‍ട്ടി സെക്രട്ടറിയും അത് തന്നെയാണ് പറയുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.