ശബരിമല യുവതീപ്രവേശനം; പുനഃപരിശോധന ഹരജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും
ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട 2018ലെ വിധിക്കെതിരായ പുനഃപരിശോധന ഹരജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിക്കണമെന്ന 2018ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹരജികളാണ് സുപ്രിം കോടതി പരിഗണിക്കുക. ഹരജികള്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് പരിഗണിക്കുന്നത്. ശബരിമല സ്ത്രീപ്രവേശനം ഉള്‍പ്പടെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട സങ്കീര്‍ണ വിഷയങ്ങളടങ്ങുന്ന 67 ഹരജികളാണ് കോടതിക്ക് മുന്നിലുള്ളത്. വിഷയം ഒന്‍പതംഗ വിശാല ബെഞ്ചിലേക്ക് വിടുന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാകും. അടുത്ത് കേസ് പരിഗണിക്കുന്ന തീയതിയും കോടതി അറിയിക്കും.
2018 സെപ്തംബര്‍ 28ന് എല്ലാപ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിച്ച് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അടങ്ങുന്ന ബെഞ്ച് വിധി പുറപ്പെടുവിച്ചത്. അഞ്ച് പേരടങ്ങിയ ബെഞ്ചില്‍ അന്ന് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മാത്രമാണ് അന്ന് വിയോജിച്ച് വിധിയെഴുതിയത്. ആറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ശബരിമല യുവതീ പ്രവേശന കേസ് സുപ്രിംകോടതിയില്‍ വീണ്ടും എത്തുന്നത്. ചീഫ് ജസ്റ്റിസ് കോടതിയില്‍ 44ാമത്തെ ഇനമായാണ് ഹരജികള്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. മതസ്വാതന്ത്ര്യവും സ്ത്രീകളുടെ അവകാശങ്ങളും സംബന്ധിച്ച വിഷയങ്ങളാണ് ശബരിമല യുവതീ പ്രവേശനത്തോടൊപ്പം സുപ്രിംകോടതി തീരുമാനമെടുക്കാന്‍ ഒരുങ്ങുന്നത്. ശബരിമല വിഷയത്തിന് പുറമെ മുസ് ലിം സ്ത്രീകളുടെ പള്ളിപ്രവേശം, അന്യമതസ്ഥരെ വിവാഹം കഴിച്ച പാഴ്സി സ്ത്രീകളുടെ പ്രവേശം, ഷിയാ മുസ്ലിങ്ങളിലെ ദാവൂദി ബോറ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളിലെ ചേലാകര്‍മം എന്നിവയുമായി ബന്ധപ്പെട്ട ഹരജികളാണ് ഇന്നേക്ക് ലിസ്റ്റ് ചെയ്തിട്ടുള്ളത്.
അതേസമയം, ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാര്‍ നിലപാട് ഒരു മിനിറ്റ് കൊണ്ട് എടുക്കാന്‍ കഴിയുന്നതല്ലെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കിയിരുന്നു. ആദ്യം പുനഃപരിശോധന ബെഞ്ച് വരട്ടെ. അതിനുശേഷം നിലപാട് അറിയിക്കും. സര്‍ക്കാരിന്റെ വിശദീകരണം ആവശ്യമുണ്ടോ എന്നതും പുതിയ ബെഞ്ചാണ് തീരുമാനിക്കേണ്ടത്. സര്‍ക്കാര്‍ നിലപാട് അല്ല പുനഃപരിശോധിക്കുന്നതെന്നും പി രാജീവ് പ്രതികരിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. മുന്‍ നിലപാട് സര്‍ക്കാര്‍ തിരുത്തുമോ എന്ന് അറിയാന്‍ താല്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. മുന്‍ നിലപാട് തിരുത്താതെ ഇടതുപക്ഷത്തിന് മുന്നോട്ട് പോകാനാകില്ലെന്നായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പ്രതികരണം.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ വീണ്ടും ശബരിമല വിഷയം സുപ്രിംകോടതിയില്‍ എത്തുന്നത് സംസ്ഥാന സര്‍ക്കാരിന് നിര്‍ണായകമാകും. സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് 2007ല്‍ വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നിലപാട് അറിയിച്ചിരുന്നു. പിന്നീട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇതിനെ എതിര്‍ത്തെങ്കിലും 2018ല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച നിലപാടാണ് സുപ്രിംകോടതിയെ അറിയിച്ചത്. ഇതിനു പിന്നാലെയാണ് കോടതി നിര്‍ണായക വിധി പുറപ്പെടുവിച്ചിരുന്നത്. നിലവിലെ രാഷ്ട്രീയ പശ്ചാത്തലത്തില്‍, വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ എന്ത് നിലപാടായിരിക്കും സ്വീകരിക്കുക എന്നത് നിര്‍ണായകമാണ്. പഴയ നിലപാടില്‍ തുടരുമോ അതോ സ്ത്രീപ്രവേശനത്തെ എതിര്‍ക്കുമോ എന്നതാണ് ഉറ്റുനോക്കുന്നത്. ഇതു സംബന്ധിച്ച ചോദ്യത്തോട് നിലപാട് പറയേണ്ട സമയത്ത് പറയുമെന്നും മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമാണെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മറുപടി.

