ശബരിമല യുവതീപ്രവേശനം; ഹരജികള്‍ സുപ്രിംകോടതി നാളെ പരിഗണിക്കും

Update: 2026-04-06 03:18 GMT

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധനാ ഹരജികള്‍ സുപ്രിംകോടതി നാളെ പരിഗണിക്കും. വിഷയത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ഏതുപക്ഷത്താണെന്ന് ഉടന്‍ വ്യക്തമാകും. സുപ്രിംകോടതിയുടെ ഒമ്പതംഗ ബെഞ്ചില്‍ ചൊവ്വാഴ്ച വാദമാരംഭിക്കുമ്പോള്‍ യുവതീപ്രവേശത്തെ എതിര്‍ക്കുന്നവരുടെ അഭിഭാഷകര്‍ ജഡ്ജിമാരുടെ വലതുഭാഗത്തായി പരാതിക്കാരുടെ സ്ഥാനത്ത് നിലയുറപ്പിക്കും. ദേവസ്വം ബോര്‍ഡും അതിനൊപ്പമുണ്ടാകും. ശബരിമല യുവതി പ്രവേശനം എതിര്‍ക്കുന്നവരുടെ വാദമാണ് അടുത്ത ആദ്യ മൂന്നു ദിവസം കേള്‍ക്കുക.

വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുന്നവരുടെ വാദങ്ങള്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിനുമുന്‍പാകെ ഏഴുമുതല്‍ ഒമ്പതുവരെ നടക്കും. ഏപ്രില്‍ 14,15,16 തീയതികളാണ് യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം. കഴിഞ്ഞ ദിവസം ഹരജി പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ അധ്യക്ഷതയില്‍ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചിരുന്നു. ബെഞ്ചില്‍ ജസ്റ്റിസ് ബി വി നാഗരത്നയാണ് ഏക വനിതാ അംഗം.

2018ലെ യുവതീപ്രവേശനവിധി പുനഃപരിശോധിക്കാനാവശ്യപ്പെടുന്ന കക്ഷികളുടെ വാദങ്ങള്‍ ക്രോഡീകരിക്കാന്‍ അഡ്വ. കൃഷ്ണ കുമാര്‍ സിങ്ങിനെയും മറുഭാഗത്തിനായി അഡ്വ. ശാശ്വതിയെയും സുപ്രിംകോടതി നോഡല്‍ അഭിഭാഷകരാക്കിയിരുന്നു. ദേവസ്വം ബോര്‍ഡ് ഉള്‍പ്പെടെ 53 കക്ഷികളാണ് വിധിക്കെതിരേ വാദം എഴുതി നല്‍കിയത്. വിധിയെ അനുകൂലിച്ച് 12 കക്ഷികളും വാദം എഴുതി സമര്‍പ്പിച്ചു. ശബരിമല വിഷയം കോടതി തീരുമാനിക്കേണ്ടതല്ലെന്ന നിലപാടാണ് ദേവസ്വം ബോര്‍ഡിന്. എന്നാല്‍, മതപണ്ഡിതരുടെയും സാമൂഹിക പരിഷ്‌കര്‍ത്താക്കളുടേയും അഭിപ്രായംതേടി കോടതിക്ക് തീരുമാനിക്കാമെന്നാണ് സംസ്ഥാനസര്‍ക്കാര്‍ എഴുതി നല്‍കിയത്.

Tags: