ശബരിമല സ്വര്‍ണക്കൊള്ള: സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പ് ആരംഭിച്ചു
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിര്‍ണായക പരിശോധന. ശബരിമല സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പ് ആരംഭിച്ചു. സ്വര്‍ണപാളികള്‍ ഇളക്കിമാറ്റിയാണ് സാമ്പിളുകള്‍ ശേഖരിക്കുന്നത്. ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണപാളിയും ശ്രീകോവിലിന്റെ വലത് ഭാഗത്തെ പാളികളുമാണ് നിലവില്‍ നീക്കം ചെയ്തിട്ടുള്ളത്. പരിശോധനകള്‍ക്ക് ശേഷം ഇവ വീണ്ടും പുനസ്ഥാപിക്കും. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി.
നിലവില്‍ സ്വര്‍ണപാളികള്‍, ദ്വാരപാലക ശില്‍പം, ശ്രീകോവില്‍ വാതില്‍ എന്നിവയുടെ ശാസ്ത്രീയ പരിശോധനയാണ് നടക്കുന്നത്.അതേസമയം സ്വര്‍ണക്കൊളളയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ രേഖകള്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് നല്‍കിയ ഹരജി ദേവസ്വം ബെഞ്ച് പരിഗണിക്കുമെന്നാണ് റിപോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കണമെന്ന് സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. നിലവില്‍ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ഹരജികള്‍ ദേവസ്വം ഡിവിഷന്‍ ബെഞ്ചാണ് പരിഗണിക്കുന്നത്.