ശബരിമല സ്വര്‍ണക്കൊള്ള; സ്വര്‍ണത്തിന്റെ അളവ് കൃത്യമായി തിട്ടപ്പെടുത്താന്‍ ശാസ്ത്രീയ പരിശോധന നടത്തും

Update: 2026-01-30 04:51 GMT

പത്തനംതിട്ട: ശബരിമല സന്നിധാനത്തെ കട്ടിളപ്പാളി, ദ്വാരപാലക ശില്പങ്ങള്‍ എന്നിവയിലെ സ്വര്‍ണത്തിന്റെ അളവ് കൃത്യമായി തിട്ടപ്പെടുത്താന്‍ പ്രത്യേക അന്വേഷണ സംഘം ശാസ്ത്രീയ പരിശോധന നടത്തും. സന്നിധാനത്തെ പാളികളില്‍ നിന്ന് വീണ്ടും സാമ്പിളുകള്‍ ശേഖരിച്ച് വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ പരിശോധനയ്ക്ക് അയക്കാനാണ് നീക്കം. ഇതിനായി ഹൈക്കോടതിയുടെ അനുമതി തേടും.

എത്രത്തോളം സ്വര്‍ണം നഷ്ടപ്പെട്ടുവെന്ന് കൃത്യമായി കണക്കാക്കാന്‍ നിലവിലുള്ള പരിശോധനാ റിപ്പോര്‍ട്ടുകള്‍ അപര്യാപ്തമായതിനാലാണ് വീണ്ടും വിശദമായ പരിശോധനയ്ക്ക് എസ്‌ഐടി ഒരുങ്ങുന്നത്. നേരത്തെ വിഎസ്എസ് സി നടത്തിയ പ്രാഥമിക പരിശോധനയില്‍ ശില്പങ്ങളിലെ സ്വര്‍ണത്തിന്റെ അളവില്‍ കുറവുള്ളതായി കണ്ടെത്തിയിരുന്നു. എന്നാല്‍, കട്ടിളപ്പാളികള്‍ പൂര്‍ണ്ണമായും മാറ്റിയിട്ടില്ലെന്നും ചെമ്പ് പാളികള്‍ക്ക് മുകളില്‍ പൊതിഞ്ഞ സ്വര്‍ണം മാത്രമാണ് കവര്‍ന്നതെന്നുമാണ് ശാസ്ത്രജ്ഞരുടെ നിഗമനം.

ദ്വാരപാലക പാളിയിലും കട്ടിള പാളികളിലുമായി ഏകദേശം 800 ഗ്രാമിലധികം സ്വര്‍ണം പൂശിയെന്നാണ് പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴിയെങ്കിലും ഇത് സ്ഥിരീകരിക്കാന്‍ ശാസ്ത്രീയമായ തെളിവുകള്‍ ആവശ്യമാണ്.

Tags: