ശബരിമല സ്വര്‍ണക്കൊള്ള; 'പോറ്റിയും കൂട്ടരും കട്ടിളപ്പാളി അപ്പാടെ മാറ്റിയിട്ടില്ല, കവര്‍ന്നത് ചെമ്പ് പാളികള്‍ പൊതിഞ്ഞ സ്വര്‍ണം'; വിഎസ്എസ്‌സി ശാസ്ത്രജ്ഞരുടെ മൊഴി
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ വിഎസ്എസ്‌സിയിലെ ശാസ്ത്രജ്ഞരുടെ മൊഴി. ശബരിമലയിലെ കട്ടിളപ്പാളികളിലെ സ്വര്‍ണം കട്ടെങ്കിലും പാളികള്‍ അപ്പാടെ മാറ്റിയിട്ടില്ലെന്ന് വിഎസ്എസ്‌സി ശാസ്ത്രജ്ഞരുടെ മൊഴി. ശബരിമല കട്ടിളപാളികള്‍ മാറ്റിയിട്ടില്ലെന്നും കവര്‍ന്നത് ചെമ്പ് പാളികള്‍ പൊതിഞ്ഞ സ്വര്‍ണമാണെന്നും സ്ഥിരീകരിച്ചു. യഥാര്‍ഥ പാളികള്‍ തന്നെയാണ് അറ്റകുറ്റപ്പണികള്‍ക്ക് ശേഷം ഉണ്ണികൃഷ്ണന്‍ പോറ്റി തിരികെ എത്തിച്ചിരിക്കുന്നതെന്നുമാണ് കണ്ടെത്തല്‍. ഇപ്പോഴുള്ളത് ഒറിജിനല്‍ ചെമ്പ് പാളികള്‍ തന്നെയാണ്.
അറ്റകുറ്റപ്പണികള്‍ക്കായി കട്ടിളപ്പാളി കൊണ്ടുപോയ ഉണ്ണികൃഷ്ണന്‍ പോറ്റി തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു പാളിയാണോ തിരികെ കൊണ്ടുവന്നതെന്ന സംശയമാണ് വിദഗ്ധരുടെ മൊഴിയോടെ ഇല്ലാതാകുന്നത്. എന്നാല്‍ പാളികളില്‍ നിന്ന് വന്‍തോതില്‍ സ്വര്‍ണം നഷ്ടമായെന്ന് ഇവരുടെ മൊഴികളില്‍ നിന്ന് വ്യക്തമാണ്. യുബി ഗ്രൂപ്പ് സ്വര്‍ണം പൊതിഞ്ഞ് നല്‍കിയ അതേ പാളികള്‍ തന്നെയാണ് ഇപ്പോഴുമുള്ളത്. സ്വര്‍ണക്കൊള്ള നടന്നെന്ന് തന്നെയാണ് ശാസ്ത്രജ്ഞരുടെ മൊഴിയിലുമുള്ളത്. മൊഴിയുടെ വിശദാംശങ്ങള്‍ എസ്‌ഐടി ഹൈക്കോടതിയെ അറിയിച്ചു.
ചില പാളികള്‍ക്കുണ്ടായ മാറ്റത്തില്‍ വിഎസ്എസ്‌സി വിശദീകരണം നല്‍കി. മെര്‍ക്കുറിയും അനുബന്ധ രാസലായനികളും ചേര്‍ത്തതിലുള്ള ഘടനവ്യതിയാനമാണ് പാളികള്‍ക്കുണ്ടായ മാറ്റത്തില്‍ കാരണം. പാളികള്‍ മാറ്റി പുതിയവ വെച്ചതെന്ന് സ്ഥിരീകരിക്കാന്‍ തെളിവില്ലെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. പോറ്റി കൊണ്ടുപോയി തിരികെ എത്തിച്ച പാളികളില്‍ സ്വര്‍ണം ഗണ്യമായി കുറഞ്ഞു. കട്ടിള പഴയത് തന്നെയായിരുന്നു, പക്ഷെ സ്വര്‍ണം കവര്‍ന്നു. പാളികളില്‍ സംഭവിച്ചിരുന്നത് രാസഘടന വ്യത്യയാനം മാത്രമാണെന്നും വിഎസ്എസ്‌സി ശാസ്ത്രജ്ഞരുടെ മൊഴിയില്‍ പറഞ്ഞു.
വിഎസ്എസ്സി ശാസ്ത്രീയ പരിശോധനയില്‍ സ്വര്‍ണക്കൊള്ള നടന്നതായി സ്ഥിരീകരിച്ചിരുന്നു. ശബരിമലയിലെ ദ്വാരപാലക ശില്‍പ്പം, കട്ടിളപ്പാളി എന്നിവയില്‍ പൊതിഞ്ഞ സ്വര്‍ണത്തില്‍ വ്യത്യാസം വന്നു എന്നാണ് വിഎസ്എസ്‌സി റിപോര്‍ട്ടിലുള്ളത്. 1998ല്‍ പൊതിഞ്ഞ സ്വര്‍ണത്തിന്റെ അളവിലെ വ്യത്യാസമാണ് ശാസ്ത്രീയ പരിശോധനയും സ്ഥിരീകരിച്ചിരിക്കുന്നത്. പാളികളുടെ ഭാരത്തിലും വ്യത്യാസം സംഭവിച്ചതായി റിപോര്‍ട്ടിലുണ്ടായിരുന്നു.
