ശബരിമല സ്വര്‍ണക്കൊള്ള: എസ് ജയശ്രീക്ക് ജാമ്യമില്ല

Update: 2025-12-04 05:58 GMT

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ് ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയും നേരത്തെ ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്.

ദ്വാരപാലകപാളി കേസില്‍ 4-ാം പ്രതി ആണ് ജയശ്രീ. ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി ആയ ജയശ്രീ മിനുട്ട്‌സില്‍ തിരുത്തല്‍ വരുത്തിയെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. പാളികള്‍ കൊടുത്തു വിടാനുള്ള ദേവസ്വം ബോര്‍ഡ് മിനിട്ട്‌സില്‍ ആണ് തിരുത്തുവരുത്തിയത്. ചെമ്പു പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൊടുത്തു വിടണം എന്നായിരുന്നു ജയശ്രീ മിനുട്ട്‌സില്‍ എഴുതിയത്

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് ഒരു മാസംകൂടി സമയം ഹൈക്കോടതി അനുവദിച്ചിട്ടുണ്ട്. കേസിലെ ക്രൈംബ്രാഞ്ച് എഫ്ഐആറിന്റെ പകര്‍പ്പിനായി ഇഡിക്ക് വീണ്ടും മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

എഫ്ഐആര്‍ നല്‍കാനാകില്ലെന്ന മജിസ്ട്രേറ്റ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കാര്യകാരണങ്ങള്‍ വിശദീകരിച്ച് മജിസ്ട്രേറ്റ് കോടതിയില്‍ പുതിയ അപേക്ഷ സമര്‍പ്പിക്കാനും ഇഡിക്ക് കോടതി നിര്‍ദേശം നല്‍കി. അന്വേഷണം പൂര്‍ത്തീകരിക്കുന്നതിനായി ഒരു മാസം സമയംകൂടി എസ്ഐടി ആവശ്യപ്പെടുകയായിരുന്നു. കോടതി ഉത്തരവോടെ കേസില്‍ ജനുവരി ആദ്യവാരംവരെ എസ്ഐടിക്ക് ഈ അന്വേഷണവുമായി മുന്നോട്ടുപോകാം.

Tags: