ശബരിമല സ്വര്‍ണക്കൊള്ള; കെ പി ശങ്കരദാസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി
തിരുവവന്തപുരം: ശബരിമല സ്വര്‍ണക്കള്ളക്കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ പി ശങ്കരദാസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരം എസ് പി മെഡിഫോര്‍ട്ട് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു കെ പി ശങ്കരദാസ്. പൂജപ്പുര ജയില്‍ ഉദ്യോഗസ്ഥര്‍ എത്തിയാണ് വൈകീട്ട് 3.15ഓടെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. മെഡിക്കല്‍ കോളേജില്‍ ജയില്‍ അധികൃതരുടെ മേല്‍നോട്ടത്തില്‍ ചികില്‍സകള്‍ പുരോഗമിക്കും
സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് 2019ലെ ദേവസ്വം ബോര്‍ഡ് അംഗങ്ങളെ കേസില്‍ പ്രതിചേര്‍ത്തിരുന്നു. അതില്‍ ശങ്കരദാസ് ഒഴികെ, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍ അടക്കം എല്ലാവരേയും അറസ്റ്റുചെയ്തു. ശങ്കരദാസിനെ അറസ്റ്റുചെയ്യാതിരുന്നത് വിവാദമാവുകയും ഹൈക്കോടതി തന്നെ അറസ്റ്റ് വൈകുന്നത് സംബന്ധിച്ച് ചോദ്യങ്ങളുന്നയിക്കുകയും ചെയ്തു. പിന്നാലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയായിരുന്ന ശങ്കരദാസിനെ ആശുപത്രിയിലെത്തി എസ്ഐടി അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് കൊല്ലം വിജിലന്‍സ് കോടതി ജഡ്ജ് ആശുപത്രിയിലെത്തി റിമാന്‍ഡ് രേഖപ്പെടുത്തുകയും ചെയ്തു.
ജയിലിലേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നതുവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തുടരാനാണ് തീരുമാനം. മെഡിക്കല്‍ കോളേജില്‍ ജയിലിന്റെ തന്നെ സെല്ലുണ്ട്. ഒരുപക്ഷേ, ആ സെല്ലിലായിരിക്കും ശങ്കരദാസിനെ പാര്‍പ്പിക്കുക. കഴിഞ്ഞ ദിവസം എസ്ഐടി സ്വകാര്യ ആശുപത്രിയിലെത്തിയാണ് ശങ്കരദാസിനെ അറസ്റ്റുചെയ്തത്. എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് നടപടികള്‍ സ്വീകരിച്ചത്.