ശബരിമല സ്വര്‍ണക്കൊള്ള; അന്വേഷണം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭാരവാഹികളിലേക്ക്

Update: 2025-10-30 08:45 GMT

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയിലെ അന്വേഷണം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭാരവാഹികളിലേക്ക്. ഇതിന്റെ ഭാഗമായി 2019- 2025 കാലത്തെ ബോര്‍ഡ് അംഗങ്ങളെ ചോദ്യം ചെയ്യാനാണ് തീരുമാനം. തന്ത്രി കുടുംബത്തെ മറയാക്കിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി തട്ടിപ്പുകള്‍ നടത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തി. തന്ത്രി കുടുംബവുമായുള്ള പരിചയം ഉപയേഗിച്ചാണ് ഇയാള്‍ ഇതര സംസ്ഥാനങ്ങളില്‍ ധനികരുമായി സൗഹൃദമുണ്ടാക്കിയത്. ദേവസ്വം ബോര്‍ഡിലെ ഉന്നതരെ പരിചയപ്പെട്ടതും ഈ ബന്ധം ദുരുപയോഗം ചെയ്തായിരുന്നു.

അന്വേഷണത്തിന്റെ ഭാഗമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മിനിറ്റ്‌സ് രേഖകള്‍ എസ്‌ഐടി ശേഖരിച്ചു. പോറ്റിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ കാലാവധി വീണ്ടും നീട്ടി നല്‍കാനും എസ്‌ഐടി സംഘം ആവശ്യപ്പെടും.

അതേസമയം, ശബരിമല കട്ടിളപ്പാളികള്‍ കൈമാറിയ കേസിലെ രണ്ടാം പ്രതിയായ മുരാരി ബാബുവിനെ ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം ഇരുത്തി ചോദ്യം ചെയ്തു വരികയാണ്.ഇരുവരുടെയും ആസ്തി വിവരങ്ങളുടെ രേഖകള്‍ അന്വേഷണ സംഘം ശേഖരിച്ചിരുന്നു.ഇക്കാര്യത്തിലും വ്യക്തത തേടും. മുരാരി ബാബുവിനെ നാല് ദിവസത്തേക്കാണ് കസ്റ്റഡിയില്‍ ലഭിച്ചിട്ടുള്ളത്. സ്വര്‍ണ്ണക്കൊള്ളയില്‍ ഉന്നതര്‍ക്ക് പങ്കുണ്ടോ എന്നും എസ്‌ഐടി അന്വേഷിച്ചുവരുകയാണ്.

Tags: