ശബരിമല സ്വര്‍ണക്കൊള്ള; 'തന്ത്രിക്കെതിരേ കുറ്റമുണ്ടെന്ന് തോന്നുന്നില്ല'; രാഹുല്‍ ഈശ്വര്‍
അറസ്റ്റിലായ കണ്ഠരര് രാജീവരെ ന്യായീകരിച്ച് രാഹുല്‍ ഈശ്വര്‍
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്ത ശബരിമല തന്ത്രി കണ്ഠരര് രാജീവരെ ന്യായീകരിച്ച് രാഹുല്‍ ഈശ്വര്‍. എനിക്ക് എന്റെ കുടുംബക്കാരേക്കാളും തന്ത്രിയേക്കാളും വലുത് അയ്യപ്പനാണ്. ലഭ്യമായ വിവരങ്ങളില്‍ നിന്ന് തന്ത്രിക്കെതിരേ കുറ്റമുണ്ടെന്ന് തോന്നുന്നില്ല. തന്ത്രിയെ എന്തെങ്കിലും രീതിയില്‍ കുടുക്കണമെന്നുണ്ടെങ്കില്‍ പോലിസിന് അതിനു കഴിയും. ഒരു തെറ്റും ചെയ്യാതെ ആളുകള്‍ ജയിലില്‍ കിടക്കുന്നു. നമ്പി നാരായണനും ദിലീപും വരെ അറസ്റ്റിലായി എന്ന് രാഹുല്‍ ഈശ്വര്‍ ഫേസ്ബുക്ക് കുറിപ്പിലെഴുതി. പ്രത്യേക അന്വേഷണ സംഘം ഇന്ന് രാവിലെ മുതല്‍ തന്ത്രിയെ കസ്റ്റഡിയില്‍ എടുത്തിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തന്ത്രിയുടെ അറസ്റ്റില്‍ പ്രതികരിച്ചാണ് രാഹുല്‍ ഈശ്വര്‍ രംഗത്തെത്തിയത്.
രാഹുല്‍ ഈശ്വറിന്റെ ഫേസ്ബുക്ക് കുറിപ്പ്
ജീവിതത്തില്‍ ഇന്നേവരെ ഒരു വിവാദത്തിലും ഉള്‍പ്പെട്ടിട്ടില്ല, ഒരു കുറ്റവും പഴിയും കേള്‍പ്പിച്ചിട്ടില്ല, ബഹു. ഹൈകോടതിയുടെ 9 ഇടക്കാല വിധിന്യായങ്ങളില്‍ ഒന്നില്‍ പോലും ബ്രഹ്‌മശ്രീ കണ്ഠരര് രാജീവര് അവര്‍കളെ കുറിച്ച് ഒരു negative പരാമര്‍ശമില്ല. തന്ത്രി ക്കു Administrative ഭരണപരമായ കാര്യങ്ങളില്‍ ഒരു ഉത്തരവാദിത്വവും ഇല്ല. വിശ്വാസം, ആചാരപരമായ കാര്യങ്ങളില്‍ മാത്രമാണ് അധികാരം, ഉത്തരവാദിത്വം.
15 ലധികം രാജ്യങ്ങളില്‍ 1000 കണക്കിന് അമ്പലങ്ങളില്‍ പ്രതിഷ്ഠ, പൂജകള്‍ നടത്തിയ.. സാക്ഷാല്‍ ഭഗവാന്‍ പരശുരാമന്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പ് കേരളത്തിലേക്ക് കൊണ്ട് വന്ന 2 ബ്രാഹ്‌മണ കുടുംബങ്ങളില്‍ ഒന്നാണ് താഴമണ്‍. ശബരിമല അയ്യപ്പന്റെ പിതൃസ്ഥാനീയര്‍. (അയ്യപ്പന്‍ തന്നെയാണ് ഞാനെന്ന വിശ്വാസിക്കും പ്രധാനം, തന്ത്രിയല്ല പക്ഷെ.. കോടതികളുടെ നിലപാട് വന്നതിനു ശേഷം മാത്രം തന്ത്രിയെ കരിവാരിത്തേക്കുക - അദ്ദേഹം ബന്ധു ആയതു കൊണ്ടല്ല, പകരം എല്ലാവര്‍ക്കും നീതി വേണം എന്നത് കൊണ്ടാണ് ഈ നിലപാട് പറയുന്നത്. ശ്രീ നമ്പി നാരായണന്‍ അടക്കം എത്രയോ പേരെ കള്ള കേസില്‍ കുടുക്കിയിട്ടുണ്ട്, അവര്‍ മാസങ്ങളോളം ജയിലില്‍ കിടന്നിട്ടുണ്ട്)
Administrative കാര്യങ്ങളിലെ വീഴ്ചക്ക് തന്ത്രിയെ ബലിയാടാക്കി കുടുക്കിയാല്‍ മറ്റു ആരെയെങ്കിലും രക്ഷപെടുത്താനാകുമെന്നു വിചാരിച്ചു ചെയുന്നതാണോ എന്നറിയില്ല. കോടതിയും സ്വാമി അയ്യപ്പനും തീരുമാനിക്കട്ടെ. ബ്രാഹ്‌മണ സംഘടനകള്‍, ഹിന്ദു സംഘടനകള്‍, വിശ്വാസ സംഘടനകള്‍ എന്നിവരുമായി സംസാരിക്കുന്നുണ്ട് - രാഹുല്‍ ഈശ്വര്‍ (അയ്യപ്പ ധര്‍മ്മസേന). സ്വാമി ശരണം
