ശബരിമല സ്വര്‍ണക്കൊള്ള: 'സഖാവ് പറഞ്ഞു, ഞാന്‍ ഒപ്പിട്ടു'; എ പത്മകുമാറിനെതിരേ എന്‍ വിജയകുമാറിന്റെ മൊഴി

Update: 2025-12-30 03:44 GMT

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ എല്ലാ തീരുമാനങ്ങളും പത്മകുമാറിന്റേതെന്ന് മുന്‍ ദേവസ്വം ബോര്‍ഡ് അംഗം എന്‍ വിജയകുമാറിന്റെ മൊഴി. സഖാവ് പറഞ്ഞു, താന്‍ ഒപ്പിട്ടെന്നാണ് വിജയകുമാറിന്റെ മൊഴി. പാളികള്‍ പുതുക്കണമെന്നു ദേവസ്വം ബോര്‍ഡില്‍ പറഞ്ഞത് പത്മകുമാറാണ്. സര്‍ക്കാരിന് ഇനിയും നാണക്കേട് ഉണ്ടാക്കേണ്ട എന്ന് കരുതിയാണ് കീഴടങ്ങിയതെന്നും എന്‍ വിജയകുമാര്‍ മൊഴി നല്‍കി.

എല്ലാ തീരുമാനങ്ങളും പത്മകുമാറിന്റേതായിരുന്നു. തീരുമാനങ്ങളെടുക്കാന്‍ അദ്ദേഹത്തിനറയാം. സഖാവ് പറഞ്ഞതുകൊണ്ട് ഞാന്‍ ഒപ്പിടുകയാണ് ചെയ്തത്. സ്വര്‍ണപ്പാളി പുതുക്കുന്ന കാര്യം സഖാവ് ബോര്‍ഡില്‍ പറഞ്ഞു. അദ്ദേഹത്തെ വിശ്വസിച്ച് മറ്റൊന്നും വായിച്ചു നോക്കാതെ ഒപ്പിടുകയാണ് ചെയ്തതെന്ന് എന്‍ വിജയകുമാര്‍ എസ്‌ഐടിക്ക് നല്‍കിയ മൊഴിയില്‍ പറയുന്നു. ഇനിയും പുറത്തു നിന്നാല്‍ സര്‍ക്കാരിന് നാണക്കേടായതുകൊണ്ടാണ് കീഴടങ്ങിയതെന്നുമാണ് വിജയകുമാറിന്റെ മൊഴി. ജുഡിഷ്യല്‍ റിമാന്‍ഡില്‍ തുടരുന്ന വിജയകുമാറിനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

ദേവസ്വം ബോര്‍ഡിന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് എന്‍ വിജയകുമാറിന്റെ റിമാന്‍ഡ് റിപോര്‍ട്ടില്‍ പറയുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ അതിരുവിട്ട് സഹായിക്കാന്‍ ദേവസ്വം മാന്വല്‍ തിരുത്തി. മാന്വല്‍ തിരുത്തിയതില്‍ പത്മകുമാറിനും എന്‍ വിജയകുമാറിനും കെ പി ശങ്കരദാസിനും പങ്കുണ്ടെന്ന് റിമാന്‍ഡ് റിപോര്‍ട്ടില്‍ പറയുന്നു. മിനിറ്റ്‌സിലെ തിരുത്തല്‍ പത്മകുമാര്‍ രണ്ടുപേരെയും അറിയിച്ചു. മൂവരും അറിഞ്ഞുകൊണ്ടാണ് പാളികള്‍ പോറ്റിക്ക് കൊടുത്തുവിട്ടതെന്നും റിമാന്‍ഡ് റിപോര്‍ട്ടില്‍ പറയുന്നു. സാമ്പത്തിക ലാഭം ആഗ്രഹിച്ച് ഇരുവരും പത്മകുമാറിന് കൂട്ടുനിന്നെന്നും എസ്‌ഐടി. വിജയകുമാര്‍ കട്ടിളപ്പാളി കേസില്‍ 12ാം പ്രതിയും ദ്വാരപാലകശില്പ കേസില്‍ 15ാം പ്രതിയുമാണ്.

Tags: