ശബരിമല സ്വര്‍ണക്കൊള്ള കേസ്; തന്ത്രി കണ്ഠരര് രാജീവര് ജയിലിലേക്ക്

Update: 2026-01-11 10:27 GMT

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവര് വീണ്ടും ജയിലിലേക്ക്. പരിശോധനാ ഫലങ്ങള്‍ സാധാരണ സ്ഥിതിയിലായതോടെയാണ് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന തന്ത്രിയെ ഡിസ്ചാര്‍ജ് ചെയ്തത്. ഞായറാഴ്ച ഉച്ചയോടെയാണ് തന്ത്രി ആശുപത്രി വിട്ടത്. പൂജപ്പുര സബ്ജയിലിലേക്കാണ് തന്ത്രിയെ മാറ്റിയിരിക്കുന്നത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശനിയാഴ്ചയാണ് കണ്ഠരര് രാജീവരെ മെഡിക്കല്‍ കോളജിലെ എംഐസിയുവില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായ സാഹചര്യത്തില്‍ അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ നല്‍കും. ആരോഗ്യസ്ഥിതി പരിഗണിച്ചാണ് ഇന്നലെ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കാതിരുന്നത്. ഇന്നലെ തന്ത്രിയുടെ വീട്ടില്‍ എസ്ഐടി നടത്തിയ പരിശോധനയില്‍ സുപ്രധാന വിവരങ്ങള്‍ ലഭിച്ചുവെന്നാണ് സൂചന.