ശബരിമല സ്വര്‍ണക്കൊള്ള കേസ്; പി എസ് പ്രശാന്തിനെ എസ്‌ഐടി വീണ്ടും ചോദ്യം ചെയ്തു

Update: 2026-04-21 03:49 GMT

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം. ശബരിമലയില്‍ നിന്ന് 2025ലെ സ്വര്‍ണപാളി കൊണ്ടുപോയതിലാണ് എസ്‌ഐടി അന്വേഷണം. ദേവസ്വം ബോര്‍ഡ് അംഗമായിരുന്ന അജികുമാറിനേയും ചോദ്യം ചെയ്തു. മൂന്നാം തവണയാണ് ഇരുവരേയും ചോദ്യം ചെയ്തത്.

കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയാണ് എസ്ഐടിയുടെ നീക്കം. എന്നാല്‍ ചോദ്യം ചെയ്ത വിവരം പി എസ് പ്രശാന്ത് നിഷേധിച്ചു. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുക മാത്രമാണ് ചെയ്തതെന്നാണ് പി എസ് പ്രശാന്തിന്റെ പ്രതികരണം. ഹൈക്കോടതി അനുമതിയില്ലാതെയായിരുന്നു പാളികള്‍ പോറ്റിക്ക് നല്‍കിയതെന്ന് എസ്‌ഐടി കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് വിവാദമായതോടെ പി എസ് പ്രശാന്ത് ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞിരുന്നു.

2025 സെപ്റ്റംബര്‍ ഏഴിന് പാളികള്‍ കൊണ്ടുപോയ സംഘത്തിലെ എല്ലാ ഉദ്യോഗസ്ഥരുടെയും മൊഴിയെടുത്തു. സന്നിധാനത്ത് എത്തിയും തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചുമായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ എസ്‌ഐടിയുടെ മൊഴിയെടുക്കല്‍. നിലവിലെ തിരുവാഭരണം കമ്മീഷണറുടെ മൊഴി നിര്‍ണായകമാകും.

അതേസമയം, സ്വര്‍ണപാളികളുടെ ശാസ്ത്രീയ പരിശോധനാഫലം ഏപ്രില്‍ അവസാനത്തോടെ ലഭിക്കുമെന്നാണ് എസ്ഐടി ഹൈക്കോടതിയില്‍ അറിയിച്ചത്. ജംഷഡ്പൂര്‍ മെറ്റലര്‍ജിക്കല്‍ ലാബ് ഇക്കാര്യം അറിയിച്ചുവെന്ന് എസ്‌ഐടി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസിലെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ എസ്ഐടിക്ക് ഹൈക്കോടതി മെയ് 18 വരെ സമയം നീട്ടിനല്‍കിയിട്ടുണ്ട്. കേസില്‍ എസ്ഐടിയുടെ അന്വേഷണത്തില്‍ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തി.

Tags: