ശബരിമല സ്വര്‍ണക്കൊള്ള കേസ്; പങ്കജ് ഭണ്ഡാരിക്കും ഗോവര്‍ദ്ധനും ജാമ്യം

കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ സ്വഭാവിക ജാമ്യം

Update: 2026-03-19 11:48 GMT

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പങ്കജ് ഭണ്ഡാരിക്കും ഗോവര്‍ദ്ധനും ജാമ്യം. ഇരുവരുടെയും റിമാന്‍ഡ് കാലാവധി 90 ദിവസം പൂര്‍ത്തിയായതിനാല്‍ സ്വഭാവിക ജാമ്യമാണ് ലഭിച്ചത്. എസ്‌ഐടി ഇതുവരെ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതും ജാമ്യം ലഭിക്കാന്‍ കാരണമായി. ഇരു കേസുകളിലും ജാമ്യം ലഭിച്ച ഇവര്‍ ഉടന്‍ ജയില്‍ മോചിതരാകും. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇതോടെ കേസില്‍ ജാമ്യം ലഭിച്ച പ്രതികള്‍ പത്തായി. ഇതില്‍ എട്ടുപേര്‍ക്കും കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതിനെതുടര്‍ന്നുള്ള സ്വഭാവിക ജാമ്യമാണ് ലഭിച്ചത്.

നേരത്തെ ജാമ്യം തേടി ബെല്ലാരിയിലെ ജ്വല്ലറി ഉടമയായ ഗോവര്‍ധന്‍ സുപ്രിംകോടതിയെ സമീപിച്ചെങ്കിലും ഇടപെടാനാകില്ലെന്ന് വ്യക്തമാക്കി ഹരജി തള്ളുകയായിരുന്നു. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നായിരുന്നു ഗോവര്‍ധന്‍ ജാമ്യാപേക്ഷയുമായി സുപ്രിംകോടതിയെ സമീപിച്ചത്. താന്‍ അയ്യപ്പ ഭക്തനാണെന്നും സ്വര്‍ണക്കൊള്ളയില്‍ പങ്കില്ലെന്നുമാണ് സുപ്രിംകോടതിയില്‍ ഫയല്‍ചെയ്ത ജാമ്യഹരജിയില്‍ ഗോവര്‍ധന്‍ ചൂണ്ടിക്കാട്ടിയിരുന്നത്. തട്ടിയെടുത്ത സ്വര്‍ണം വാങ്ങിയെന്ന് ആരോപിച്ചാണ് കര്‍ണാടക ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധനെ എസ്‌ഐടി അറസ്റ്റ് ചെയ്തത്.

ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായ എ പത്മകുമാറിനും നേരത്തെ ജാമ്യം ലഭിച്ചിരുന്നു. കേസില്‍ ആറിലധികം പേര്‍ക്ക് സ്വഭാവിക ജാമ്യവും രണ്ടുപേര്‍ക്ക് റിമാന്‍ഡ് കാലയളവില്‍ തന്നെയും ജാമ്യം ലഭിച്ചു. മുരാരി ബാബു, സുധീഷ് കുമാര്‍, ഉണ്ണികൃഷ്ണന്‍ പോറ്റി, എന്‍ വാസു, കെ എസ് ബൈജു എന്നിവരാണ് പത്മകുമാറിന് മുന്‍പ് സ്വഭാവിക ജാമ്യം ലഭിച്ചവര്‍. എസ് ശ്രീകുമാര്‍, തന്ത്രി കണ്ഠരര് രാജീവരര് എന്നിവര്‍ക്ക് വിജിലന്‍സ് കോടതി ജാമ്യം നല്‍കിയപ്പോള്‍ എസ് ജയശ്രീക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി.

Tags: