ശബരിമല സ്വര്‍ണക്കൊള്ള; എന്‍ വിജയകുമാര്‍ റിമാന്‍ഡില്‍

ജനുവരി 12 വരെ റിമാന്‍ഡില്‍

Update: 2025-12-29 15:17 GMT

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊളള കേസില്‍ എസ്‌ഐടി അറസ്റ്റു ചെയ്ത ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാര്‍ റിമാന്‍ഡില്‍. ജനുവരി 12 വരേയാണ് വിജയകുമാറിന്റെ റിമാന്‍ഡ് കാലാവധി. ഇതുമായി ബന്ധപ്പെട്ട് എടുത്തിട്ടുള്ള രണ്ടു കേസിലും വിജയകുമാര്‍ പ്രതിയാണ്. വിജയകുമാറിന്റെ ജാമ്യാപേക്ഷ മറ്റന്നാള്‍ കോടതി പരിഗണിക്കും. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്. ഇന്ന് ഉച്ചയോടെയാണ് വിജയകുമാര്‍ അറസ്റ്റിലായത്. നേരത്തെ അറസ്റ്റിലായ എ പത്മകുമാറിന്റെ ഭരണസമിതിയിലെ അംഗമായിരുന്നു വിജയകുമാര്‍.

നേരത്തെ വിജയകുമാറിന് എസ്ഐടി നോട്ടീസ് അയച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. തുടര്‍ന്ന് വിജയകുമാറിനെ ഇന്ന് നേരിട്ട് കസ്റ്റഡിയിലെടുത്തതിനു പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ശബരിമല സ്വര്‍ണക്കൊളള കേസില്‍ എന്‍ വിജയകുമാറിനും മുന്‍ ദേവസ്വം ബോര്‍ഡ് അംഗമായ കെ പി ശങ്കരദാസിനുമെതിരേ കേസിലെ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ മൊഴിയുണ്ടായിരുന്നു. ബോര്‍ഡ് അറിഞ്ഞുകൊണ്ടാണ് എല്ലാം ചെയ്തതെന്നായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴി. സ്വര്‍ണപ്പാളി കൈമാറാനുള്ള പത്മകുമാറിന്റെ തീരുമാനത്തെ ബോര്‍ഡ് അംഗീകരിച്ചതിനും തെളിവുകള്‍ കണ്ടെത്തിയിരുന്നു.

മറ്റു പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ വേണ്ടി അന്വേഷണ സംഘം സമര്‍പ്പിച്ച അപേക്ഷ, ഉണ്ണികൃഷണന്‍ പോറ്റി നല്‍കിയ ജാമ്യാപേക്ഷ എന്നിവ കോടതി നാളെ പരിഗണിക്കും. സ്വര്‍ണപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്തുവിട്ടതിന്, ബോര്‍ഡിലെ എല്ലാ അംഗങ്ങള്‍ക്കും തുല്യ ഉത്തരവാദിത്തം ഉണ്ടെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. കൂട്ടുത്തരവാദിത്തം ഉണ്ടെന്ന് എ പത്മകുമാറും മൊഴി നല്‍കിയിരുന്നു. മൊഴി സാധൂകരിക്കുന്ന നടപടിയാണ് വിജയകുമാറിന്റെ അറസ്റ്റ്.

ഉദ്യോഗസ്ഥരാണ് സ്വര്‍ണപാളിയുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ നടത്തിയിരുന്നതെന്നും ബോര്‍ഡ് അംഗമായ തനിക്ക് അതില്‍ പങ്കില്ലെന്നുമാണ് വിജയകുമാര്‍ മുന്‍പ് പറഞ്ഞിരുന്നത്. സിപിഎം നേതാവ് കൂടിയാണ് അറസ്റ്റിലായ വിജയകുമാര്‍. വിജയകുമാറിലേക്കും ശങ്കര്‍ദാസിലേക്കും അന്വേഷണം നീളുന്നില്ലെന്ന് കോടതി വിമര്‍ശിച്ചിരുന്നു.

നേരത്തെ വിജയകുമാറിനെയും കെ പി ശങ്കരദാസിനെയും അറസ്റ്റ് ചെയ്യാത്തതെന്തെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. വിവേചനമില്ലാതെ അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് എസ്‌ഐടിയോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഒരു കാരണവശാലും കുറ്റവാളികളെ വേര്‍തിരിച്ച് കാണരുതെന്നും ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. പത്മകുമാറിനൊപ്പം ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ക്കും ക്രിമിനല്‍ ഉത്തരവാദിത്തം ഉണ്ടെന്ന് പറഞ്ഞ കോടതി അന്വേഷണം ഫലപ്രദമല്ല എന്നും നിരീക്ഷിച്ചിരുന്നു.

Tags: