ശബരിമല സ്വര്‍ണക്കൊള്ള; ജാമ്യം അനുവദിക്കണമെന്ന് എന്‍ വാസു സുപ്രിംകോടതിയില്‍
ന്യൂഡല്‍ഹി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ജാമ്യത്തിനായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസു സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കി. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിച്ചെന്നും, ഗൂഢാലോചനയില്‍ പങ്കില്ലെന്നും സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്ത ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങള്‍, കട്ടിളപ്പാളികള്‍ എന്നിവിടങ്ങളിലെ സ്വര്‍ണക്കവര്‍ച്ചക്ക് സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തുവെന്ന കേസില്‍ എന്‍ വാസുവിന്റേയും മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന്റേയും മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെ എസ് ബൈജുവിന്റേയും ജാമ്യഹരജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് എന്‍ വാസു ജാമ്യം തേടി സുപ്രിംകോടതിയെ സമീപിച്ചത്.
ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് എന്‍ വാസു. കേസിന്റെ അന്വേഷണം അന്തിമഘട്ടത്തിലാണെന്നും അന്വേഷണവുമായി പൂര്‍ണ്ണമായി സഹരിക്കുന്നുണ്ടെന്നും വസ്തുത പരിശോധിക്കാതെയാണ് തനിക്ക് ഹൈക്കോടതി ജാമ്യം നിഷേധിച്ചതെന്നും എന്‍ വാസു അപ്പീലില്‍ ചൂണ്ടിക്കാട്ടി. താന്‍ സ്വര്‍ണക്കവര്‍ച്ചയ്ക്ക് സഹായം ചെയ്തിട്ടില്ലെന്നും തന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും അഭിഭാഷകന്‍ ആന്‍ മാത്യൂ മുഖേന ഫയല്‍ ചെയ്ത അപ്പീലില്‍ പറയുന്നു.
'ദേവസ്വം കമ്മിഷണര്‍ ആയിരുന്നപ്പോള്‍ എക്സിക്യുട്ടീവ് ഓഫീസര്‍ക്ക് ലഭിച്ച കത്ത് ബോര്‍ഡിന് കൈമാറുകയും, ദേവസ്വം പ്രസിഡന്റായിരുന്നപ്പോള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയില്‍ നിന്ന് ലഭിച്ച ഒരു ഇ മെയില്‍ വേണ്ടത്ര പരിശോധിച്ചില്ലെന്നതുമാണ് തനിക്കെതിരായ ആക്ഷേപം' വാസു കോടതിയെ അറിയിച്ചു.
ശ്രീകോവിലിലെ കട്ടിളപ്പാളികള്‍ ചെമ്പുപാളികളെന്ന പേരില്‍ സ്വര്‍ണം പൂശാനായി കൈമാറിയ കേസില്‍ മൂന്നാം പ്രതിയാണ് എന്‍ വാസു. കട്ടിളപ്പാളിയിലെ സ്വര്‍ണപ്പാളികള്‍ ചെമ്പെന്ന് എഴുതാന്‍ കമ്മീഷണറായിരുന്ന എന്‍ വാസുവാണ് നിര്‍ദേശം നല്‍കിയതെന്ന് എസ്ഐടി കണ്ടെത്തിയിരുന്നു. പിന്നാലെയാണ് പ്രതി ചേര്‍ത്തത്.
2019 നവംബര്‍ മുതല്‍ രണ്ടുവര്‍ഷമാണ് എന്‍ വാസു ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി പ്രവര്‍ത്തിച്ചത്. ഇതിനു മുന്‍പ് 2018 ഫെബ്രുവരി മുതല്‍ 2019 മാര്‍ച്ച് വരെ ദേവസ്വം കമ്മീഷണറായും പ്രവര്‍ത്തിച്ചു. പി കെ ഗുരുദാസന്‍ എക്‌സൈസ് മന്ത്രിയായിരുന്ന സമയത്ത് വാസു പേഴ്‌സണല്‍ സ്റ്റാഫ് അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

