ശബരിമല സ്വര്‍ണക്കൊള്ള; എന്‍ വാസുവിന് ജാമ്യമില്ല

കൊല്ലം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്

Update: 2025-12-03 05:46 GMT

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് മുന്‍ കമ്മീഷണര്‍ എന്‍ വാസുവിന് ജാമ്യം നിഷേധിച്ചു. കൊല്ലം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. കട്ടിളപ്പാളി കേസില്‍ എന്‍. വാസു മൂന്നാം പ്രതിയാണ്. 2019ല്‍ ദേവസ്വം കമ്മീഷണറായിരുന്ന വാസുവിന്റെ ശുപാര്‍ശയിലാണ് കട്ടിളപ്പാളിയിലെ സ്വര്‍ണം ചെമ്പെന്ന് രേഖപ്പെടുത്തിയതെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍.

സ്വര്‍ണക്കടത്തില്‍ പങ്കില്ലെന്നും ഉദ്യോഗസ്ഥര്‍ നല്‍കിയ ഫയല്‍ ദേവസ്വം ബോര്‍ഡിന്റെ പരിഗണനയ്ക്ക് അയക്കുക മാത്രമാണ് ചെയ്തതെന്നുമാണ് എന്‍ വാസുവിന്റെ വാദം. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധമില്ലെന്നും അന്വേഷണവുമായി സഹകരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നാണ് എന്‍ വാസുവിന്റെ അഭിഭാഷകന്റെ വാദം. കേസില്‍ മറ്റു പ്രതികളുടെ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു.

Tags: