ശബരിമല സ്വര്‍ണക്കൊള്ള: 'തന്ത്രിക്ക് ജാമ്യം നല്‍കിയ ഉത്തരവില്‍ അസാധാരണത്വം'; മന്ത്രി പി രാജീവ്

Update: 2026-02-22 11:23 GMT

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ജാമ്യം നല്‍കിയ കൊല്ലം വിജിലന്‍സ് കോടതി വിധിയില്‍ അസാധാരണത്വമെന്ന് നിയമമന്ത്രി പി രാജീവ്. അവസാന വിധി പോലെയായിരുന്നു ജാമ്യ വിധിയെന്നും പ്രത്യേക അന്വേഷണ സംഘത്തിന്റെ മേല്‍നോട്ട ചുമതല വഹിക്കുന്നത് ഹൈക്കോടതിയാണെന്നും അതില്‍ സര്‍ക്കാര്‍ അഭിപ്രായം പറയേണ്ട ആവശ്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. ജാമ്യ ഉത്തരവിനെതിരേ എസ്‌ഐടി ഹൈക്കോടതിയെ സമീപിക്കും. ജാമ്യ ഉത്തരവിലെ പരാമര്‍ശങ്ങള്‍ നീക്കണമെന്നാണ് ആവശ്യം. പരാമര്‍ശങ്ങള്‍ കേസില്‍ തിരിച്ചടിയാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് എസ്‌ഐടി ഹൈക്കോടതിയെ സമീപിക്കുക.

മറ്റ് കേസുകളില്‍ നിന്ന് വ്യത്യസ്തമായി ഈ കേസില്‍ സര്‍ക്കാര്‍ ഒരുനിലക്കും മേല്‍നോട്ടം വഹിക്കുന്നില്ല. അതുകൊണ്ട് അപ്പീല്‍ വേണോ വേണ്ടതില്ലേയെന്ന കാര്യത്തില്‍ സര്‍ക്കാര്‍ അഭിപ്രായം പറയേണ്ടതില്ല. കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ്. അന്വേഷണവുമായി ബന്ധപ്പെട്ട റിപോര്‍ട്ട് അവരുടെ മുന്നിലേക്കാണ് വരുന്നത്. സാധാരണയില്‍ കവിഞ്ഞ് ഒരു കീഴ്ക്കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നതിനോളം അടുത്തെത്തുകയെന്നത് പതിവുള്ള കാര്യമല്ല. വിജിലന്‍സ് കോടതി സുപ്രിംകോടതിയുടെ നിലയിലേക്ക് മാറിയിട്ടുണ്ടോയെന്ന് ഉത്തരവ് വായിക്കുമ്പോള്‍ തോന്നിപ്പോകുകയാണെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

അതേസമയം, ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായ വിമര്‍ശനങ്ങളില്‍ മന്ത്രി ഒരു സ്ത്രീയാണെന്നായിരുന്നു രാജീവിന്റെ പ്രതികരണം. സംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനങ്ങളെ തകര്‍ക്കാന്‍ ആസൂത്രിതമായ നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നും ഇതിനെതിരേ കര്‍ശന നിലപാട് സ്വീകരിക്കുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു. ഒരു സ്ത്രീ കൂടിയായ ആരോഗ്യ മന്ത്രിയുടെ വസതിയില്‍ റീത്ത് വെച്ചുകൊണ്ടുള്ള പ്രതിഷേധം തികച്ചും തെറ്റായ രീതിയാണെന്നും സംസ്‌കാരശൂന്യമായ ഇത്തരം പ്രവണതകള്‍ ജനാധിപത്യത്തിന് ചേര്‍ന്നതല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

അവരുടെ വസതിയില്‍ റീത്ത് വെക്കുന്നത് ശരിയായ രീതിയല്ല. സ്വകാര്യ ആശുപത്രികളിലും പിഴവ് ഉണ്ടാകാറില്ലേ? പിഴവ് ഉണ്ടായാല്‍ നടപടിയെടുക്കും. അതാണല്ലോ ചെയ്യേണ്ടത്. രാജ്യത്ത് പൊതുജനാരോഗ്യ സംവിധാനത്തില്‍ ഏറ്റവും വെന്റിലേറ്ററുകള്‍ ഉള്ളത് കേരളത്തിലല്ലേ? സംസ്ഥാന ചരിത്രത്തില്‍ ഏറ്റവും തസ്തികകള്‍ ഉണ്ടായതും ഈ സര്‍ക്കാരിന്റെ സമയത്ത്. ഇനിയും ആവശ്യമെങ്കില്‍ തസ്തികകള്‍ വര്‍ധിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ ആശുപത്രികളെ തകര്‍ക്കാന്‍ ആസൂത്രണം നടക്കുന്നുവെന്നും ബോധപൂര്‍വമായ അനാസ്ഥ മാത്രമേ കുറ്റകരമായി കാണുന്നുള്ളൂവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags: