കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഎം നേതാവും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ എ പത്മകുമാറിന് രണ്ടാമത്തെ കേസിലും ജാമ്യം. ദ്വാരപാലക ശില്പ കേസിലാണ് കൊല്ലം വിജിലന്‍സ് കോടതി പത്മകുമാറിന് സ്വാഭാവിക ജാമ്യം അനുവദിച്ചത്. ആദ്യം അറസ്റ്റിലായ കട്ടിളപ്പാളി കേസില്‍ നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. പത്മകുമാര്‍ ഇന്ന് ജയില്‍ മോചിതനാകും.
ശബരിമല സ്വര്‍ണകൊള്ള കേസില്‍ 2025 നവംബര്‍ 20നാണ് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കട്ടിളപ്പാളി കേസിലായിരുന്നു പത്മകുമാറിന്റെ ആദ്യ അറസ്റ്റ്. കേസില്‍ റിമാന്‍ഡില്‍ കഴിയവേ ഡിസംബര്‍ നാലിന് ദ്വാരപാലക ശില്‍പ്പകേസിലും പ്രതി ചേര്‍ത്ത് എസ്ഐടി അറസ്റ്റ് രേഖപ്പെടുത്തി. സ്വര്‍ണക്കൊള്ള കേസില്‍ ഏഴു പ്രതികള്‍ക്കാണ് ഇതുവരെ ജാമ്യം ലഭിച്ചിട്ടുള്ളത്. ഇതില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി അടക്കം അഞ്ചു പേര്‍ക്ക് സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്.
ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം മോഷണം പോയ കേസിലാണ് ജാമ്യം തേടി പത്മകുമാര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാതെ വന്നതോടെ കട്ടിളപ്പാളി കേസില്‍ റിമാന്‍ഡ് 90 ദിവസം പൂര്‍ത്തിയാക്കിയ പത്മകുമാറിന് ഫെബ്രുവരി 20ന് കൊല്ലം വിജിലന്‍സ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ദ്വാരപാലക ശില്പ കേസിലും റിമാന്‍ഡ് 90 ദിവസം പൂര്‍ത്തിയായതോടെയാണ് സ്വാഭാവിക ജാമ്യഹരജി നല്‍കിയത്. എസ്ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ സ്വാഭാവിക ജാമ്യം ലഭിച്ച പത്മകുമാര്‍ ജയില്‍ മോചിതനാകും. റിമാന്‍ഡ് കാലാവധി 90 ദിവസം പൂര്‍ത്തിയാക്കുന്നതോടെ മറ്റു പ്രതികളും കോടതിയെ സമീപിക്കും. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ ആവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷയില്‍ വിജിലന്‍സ് കോടതി അഞ്ചാം തീയ്യതി വാദം കേള്‍ക്കും.
