തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണം പൂശിയ ചെമ്പ് തകിടുകള്‍ മോഷ്ടിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ജയറാമിന്റെ മൊഴി എസ്‌ഐടി രേഖപ്പെടുത്തി. ചെന്നൈയിലെ താരത്തിന്റെ വസതിയിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.
ശബരിമലയിലെ പ്രധാന വ്യക്തി എന്ന നിലയിലാണ് തനിക്ക് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധമുള്ളതെന്നും അദ്ദേഹത്തിന്റെ ക്ഷണപ്രകാരമാണ് ചടങ്ങുകളില്‍ പങ്കെടുത്തതെന്നും ജയറാം മൊഴി നല്‍കി.സ്വര്‍ണ്ണം പൂശുന്ന ജോലി നടന്ന സ്മാര്‍ട്ട് ക്രിയേഷന്‍സ് എന്ന കമ്പനിയില്‍ വെച്ച് നടന്ന പൂജയിലും താന്‍ പങ്കെടുത്തുവെന്ന് ജയറാം മൊഴി നല്‍കി.
ദ്വാരപാലക വിഗ്രഹങ്ങളുടെ ഫലകങ്ങള്‍ വീട്ടില്‍ കൊണ്ടുവന്നപ്പോഴാണ് അവിടെ പൂജകള്‍ നടന്നതെന്നും ജയറാം മൊഴി നല്‍കി. എന്നാല്‍ സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമകളുമായോ അതിന്റെ സ്‌പോണ്‍സര്‍മാരുമായോ തനിക്ക് മുന്‍പരിചയമില്ലെന്നും താരം വ്യക്തമാക്കി.