പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ റിമാന്‍ഡ് ചെയ്തു. ദ്വാരപാലക ശില്‍പ സ്വര്‍ണ മോഷണ കേസിലാണ് നടപടി. തുടര്‍നടപടികളുടെ ഭാഗമായാണ് തീരുമാനം. തിരുവനന്തപുരം സ്‌പെഷ്യല്‍ ജയിലിലേക്കാണ് പോറ്റിയെ അയക്കുക. കേസുമായി ബന്ധപ്പെട്ട് നവംബര്‍ രണ്ടിന് പ്രതിയെ കോടതിയില്‍ ഹാജരാക്കാന്‍ റാന്നി സെഷന്‍സ് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളയിലെ അന്വേഷണം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭാരവാഹികളിലേക്ക് കടന്നതായി അന്വേഷണ സംഘം അറിയിച്ചു. ഇതിന്റെ ഭാഗമായി 2019- 2025 കാലത്തെ ബോര്‍ഡ് അംഗങ്ങളെ ചോദ്യം ചെയ്യാനാണ് തീരുമാനം. തന്ത്രി കുടുംബത്തെ മറയാക്കിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി തട്ടിപ്പുകള്‍ നടത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തി. തന്ത്രി കുടുംബവുമായുള്ള പരിചയം ഉപയേഗിച്ചാണ് ഇയാള്‍ ഇതര സംസ്ഥാനങ്ങളില്‍ ധനികരുമായി സൗഹൃദമുണ്ടാക്കിയത്. ദേവസ്വം ബോര്‍ഡിലെ ഉന്നതരെ പരിചയപ്പെട്ടതും ഈ ബന്ധം ദുരുപയോഗം ചെയ്തായിരുന്നു.