തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ രണ്ടു കേസുകളിലും എസ്‌ഐടി ഇടക്കാല കുറ്റപത്രം ഉടന്‍ നല്‍കും. സര്‍ക്കാരില്‍ നിന്ന് പ്രോസിക്യൂഷന്‍ അനുമതി നേടിയ ശേഷമായിരിക്കും കോടതിയില്‍ സമര്‍പ്പിക്കുക. ശബരിമലയില്‍ നിന്ന് എത്രത്തോളം സ്വര്‍ണം കൊള്ളയടിച്ചെന്ന് ഈ റിപോര്‍ട്ട് ലഭിച്ചാലേ ഉറപ്പിക്കാനാവൂ. വിശദമായ തുടരന്വേഷണത്തിനു ശേഷമായിരിക്കും അന്തിമ കുറ്റപത്രം നല്‍കുക.
അറസ്റ്റിലായി 90 ദിവസത്തിനകം കുറ്റപത്രം നല്‍കാത്തതിനാല്‍ പ്രതികള്‍ക്കെല്ലാം സ്വാഭാവിക ജാമ്യം കിട്ടുന്ന സാഹചര്യമാണ്. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബു 2കേസുകളിലും ജാമ്യം നേടി ജയില്‍ മോചിതനായി. ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഒരു കേസില്‍ ജാമ്യം ലഭിച്ചു. കൂടുതല്‍ പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കാനിടയുണ്ട്.
പ്രതികളില്‍ ചിലരെ മാപ്പുസാക്ഷിയാക്കി കേസ് കടുപ്പിക്കാനാണ് എസ്‌ഐടിയുടെ തീരുമാനം. ഇതിനായി കോടതിയില്‍ അപേക്ഷ നല്‍കും. സ്വര്‍ണം വില്‍ക്കാന്‍ ഇടനിലക്കാരായവരുടെ അടക്കം പ്രധാന സാക്ഷികളുടെ രഹസ്യ മൊഴി രേഖപ്പെടുത്തി. അതേ സമയം, കൊള്ളയടിച്ച സ്വര്‍ണം കണ്ടെത്താനാവാത്തത് ഇപ്പോഴും വെല്ലുവിളിയാണ്.