തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതി ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ പി ശങ്കരദാസിനെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. ദേഹാസ്വാസ്ഥ്യം കാരണം തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സെല്ലില്‍ ചികില്‍സയിലായിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് ജയിലിലേക്ക് മാറ്റിയത്. ഇയാളുടെ ആരോഗ്യനിലയില്‍ ഹൈക്കോടതി റിപോര്‍ട്ട് തേടിയിരുന്നു. ശങ്കരദാസിനെ ജയിലിലേക്ക് മാറ്റാനാവില്ലെന്നും സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിനെ കുറിച്ച് ആലോചിക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിന് തുടര്‍ന്നായിരുന്നു മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നത്.
ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ പതിനൊന്നാം പ്രതിയായ ശങ്കര്‍ദാസ് ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ എസ് പി മെഡിഫോര്‍ട്ട് ആശുപത്രിയിലായിരുന്നു. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. 14 ദിവസത്തേക്ക് കൊല്ലം വിജിലന്‍സ് കോടതി ജഡ്ജി ശങ്കരദാസിനെ ആശുപത്രിയിലെത്തി റിമാന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞ പതിനാലിനാണ് ആശുപത്രിയിലെത്തി എസ്ഐടി ശങ്കരദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലായിരുന്നു ശങ്കരദാസ്. മുറിയിലേക്കു മാറ്റിയതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
നിലവില്‍ ശങ്കര്‍ദാസിന് ആരോഗ്യപ്രശ്നങ്ങളില്ലെന്നും ജയിലിലേക്ക് മാറ്റാമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചതിനു പിന്നാലെയാണ് ഇയാളെ സെന്‍ട്രല്‍ ജയിലിലേക്കെത്തിക്കുന്നത്. എ പത്മകുമാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനായിരുന്നപ്പോള്‍ ദേവസ്വം ബോര്‍ഡ് അംഗമായിരുന്നു ശങ്കരദാസ്. ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടത് മുതല്‍ ശങ്കര്‍ദാസ് ആശുപത്രിയിലാണെന്നും മകന്‍ എസ്പി ആയതിനാലാണോ അറസ്റ്റ് വൈകുന്നതെന്നും ഹൈക്കോടതി ചോദ്യമുന്നയിച്ചിരുന്നു.
