ശബരിമല സ്വര്‍ണക്കൊള്ള: മുന്‍ തിരുവാഭരണ കമീഷണര്‍ കെ എസ് ബൈജു അറസ്റ്റില്‍
ദ്വാരപാലക പാളികള്‍ കടത്തിയ കേസിലാണ് അറസ്റ്റ്, കേസില്‍ ഏഴാം പ്രതിയാണ് ബൈജു
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ വീണ്ടും അറസ്റ്റ്. മുന്‍ തിരുവാഭരണ കമീഷണര്‍ കെ എസ് ബൈജുവാണ് അറസ്റ്റിലായത്. കേസിലെ നാലാമത്തെ അറസ്റ്റാണിത്. കേസില്‍ ഏഴാം പ്രതിയാണ് കെ എസ് ബൈജു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നാണ് വിവരം. പ്രതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങാനാണ് തീരുമാനം. ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണ്ണപ്പാളികള്‍ കൊടുക്കുന്ന സമയത്ത് തിരുവാഭരണം കമീഷണറായ കെ എസ് ബൈജു അവിടെ ഉണ്ടായിരുന്നില്ലെന്ന് അന്വേഷണ സംഘം തെളിവടക്കം കണ്ടെത്തി സ്ഥിരീകരിച്ചു.
2019 ജൂലൈ 19ന് പാളികള്‍ അഴിച്ചപ്പോള്‍ ബൈജു ഹാജരായിരുന്നില്ല. ദേവസ്വം ബോര്‍ഡില്‍ സ്വര്‍ണം ഉള്‍പ്പടെ അമൂല്യ വസ്തുക്കളുടെ പൂര്‍ണ ചുമതല തിരുവാഭരണം കമീഷണര്‍ക്കാണ്. മുഖ്യപ്രതികളുടെ ആസൂത്രണം കാരണം മനപൂര്‍വം വിട്ടു നിന്നെന്നാണ് വിവരം. ദ്വാരപാലക കേസില്‍ മാത്രമല്ല കട്ടിളപാളി കേസിലെ ദുരൂഹ ഇടപെടല്‍ സംബന്ധിച്ചുള്ള വിവരവും ബൈജുവിന് അറിയാമെന്നാണ് എസ്‌ഐടി നിഗമനം. 2019ല്‍ കെ എസ് ബൈജു ജോലിയില്‍ നിന്ന് വിരമിച്ചിരുന്നു.