ശബരിമല സ്വര്‍ണക്കൊള്ള കേസ്; ജയിലില്‍ കഴിയുന്ന അവസാന പ്രതിയും പുറത്തേക്ക്

ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ പി ശങ്കരദാസിന്റെ ജാമ്യഹരജി കൊല്ലം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും

Update: 2026-04-13 02:08 GMT

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ജയിലില്‍ കഴിയുന്ന അവസാന പ്രതിയും പുറത്തേക്ക്. ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ പി ശങ്കരദാസിന്റെ സ്വാഭാവിക ജാമ്യഹരജി കൊല്ലം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും. ശങ്കര്‍ദാസിന് കൂടി ജാമ്യം ലഭിക്കുന്നതോടെ കേസിലെ മുഴുവന്‍ പ്രതികളും ജയില്‍ മോചിതരാകും. എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതോടെയാണ് കെ പി ശങ്കരദാസ് കട്ടിളപ്പാളി കേസിലും ദ്വാരപാലക കേസിലും സ്വാഭാവിക ജാമ്യം തേടിയത്.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ആകെയുള്ള 13 പ്രതികളില്‍ 12 പേരെയാണ് എസ്‌ഐടി അറസ്റ്റ് ചെയ്തത്. അതില്‍ ഒന്‍പത് പേര്‍ക്ക് റിമാന്‍ഡ് 90 ദിവസം പൂര്‍ത്തിയായി സ്വഭാവിക ജാമ്യവും രണ്ട് പേര്‍ക്ക് റിമാന്‍ഡ് കാലയളവില്‍ തന്നെ ജാമ്യവും ലഭിച്ചു. എസ് ജയശ്രീക്ക് സുപ്രിംകോടതി മുന്‍കൂര്‍ ജാമ്യം നല്‍കി. നിലവില്‍ റിമാന്‍ഡിലുള്ള ഏക പ്രതി ദേവസ്വം ബോര്‍ഡ് മുന്നംഗം കെ പി ശങ്കര്‍ദാസാണ്. ആരോഗ്യാവസ്ഥ ചൂണ്ടി കാണിച്ച് നേരത്തെ നടത്തിയ ജാമ്യ നീക്കം കോടതി തള്ളിയിരുന്നു.

ജനുവരി 14ന് എസ്‌ഐടി അറസ്റ്റ് രേഖപ്പെടുത്തിയ ശങ്കര്‍ ദാസ് റിമാന്‍ഡ് 90 ദിവസം ആയതോടെയാണ് ജാമ്യ ഹരജി നല്‍കിയത്. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശില്പ കേസിലും ശങ്കരദാസ് പ്രതിയാണ്. കൊല്ലം വിജിലന്‍സ് കോടതി ഉപാധികളോടെ സ്വഭാവിക ജാമ്യം നല്‍കും. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ള ശങ്കര്‍ദാസ് പലതവണ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. മുരാരി ബാബു, ഡി സുധീഷ് കുമാര്‍, കെ എസ് ബൈജു, എ പത്മകുമാര്‍, എന്‍ വാസു, ഉണ്ണികൃഷ്ണന്‍ പോറ്റി, പങ്കജ് പണ്ടാരി ഗോവര്‍ദ്ധന്‍, എന്‍ വിജയകുമാര്‍ എന്നിവര്‍ക്കാണ് സ്വഭാവിക ജാമ്യം ലഭിച്ചത്. എസ് ശ്രീകുമാര്‍, തന്ത്രി കണ്ഠര് രാജീവര് എന്നിവര്‍ക്ക് റിമാന്‍ഡില്‍ കിടക്കവേ ജാമ്യം നല്‍കിയിരുന്നു. എസ്‌ഐടി ഇതുവരെ കുറ്റപത്രം സമര്‍പ്പിക്കാത്തതാണ് പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ കാരണം.

Tags: