ശബരിമല സ്വര്‍ണക്കൊള്ള കേസ്; പ്രതിയായ ജ്വല്ലറി ഉടമ ഗോവര്‍ധന്റെ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി

അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ഈ സമയം ഇടപെടാനാകില്ലെന്നും വ്യക്തമാക്കിയാണ് ജാമ്യാപേക്ഷ തള്ളിയത്

Update: 2026-02-10 06:18 GMT

ന്യൂഡല്‍ഹി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായ ജ്വല്ലറി ഉടമ ഗോവര്‍ധന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ഈ സമയം ഇടപെടാനാകില്ലെന്നും വ്യക്തമാക്കിയാണ് സുപ്രിംകോടതി ജാമ്യാപേക്ഷ തള്ളിയത്. കുറ്റപത്രം അടക്കമുള്ള കാര്യങ്ങള്‍ സമര്‍പ്പിച്ചശേഷം ജാമ്യാപേക്ഷ നല്‍കാനാണ് സുപ്രിംകോടതി നിര്‍ദേശിച്ചത്. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹരജി തള്ളിയത്.

നേരത്തെ, കേരള ഹൈക്കോടതി ഗോവര്‍ധന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് ഗോവര്‍ധന്‍ ജാമ്യാപേക്ഷയുമായി സുപ്രിംകോടതിയെ സമീപിച്ചത്. അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നും പ്രതിയെ വിട്ടയക്കുന്നത് തെളിവുകള്‍ നശിപ്പിക്കാന്‍ ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ നടപടി. ഇതിനെതിരേയാണ് അദ്ദേഹം സുപ്രിംകോടതിയെ സമീപിച്ചത്. താന്‍ അയ്യപ്പ ഭക്തനാണെന്നും സ്വര്‍ണക്കൊള്ളയില്‍ പങ്കില്ലെന്നുമാണ് സുപ്രിംകോടതിയില്‍ ഫയല്‍ചെയ്ത ജാമ്യഹരജിയില്‍ ഗോവര്‍ധന്‍ ചൂണ്ടിക്കാട്ടിയിരുന്നത്. തട്ടിയെടുത്ത സ്വര്‍ണം വാങ്ങിയെന്ന് ആരോപിച്ചാണ് കര്‍ണാടക ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധനെ എസ്‌ഐടി അറസ്റ്റ് ചെയ്തത്.

കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പലപ്പോഴായി ഒന്നരക്കോടി രൂപ നല്‍കിയെന്നാണ് ഗോവര്‍ധന്‍ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി. ഒന്നരക്കോടി നല്‍കിയതിനുശേഷമാണ് സ്വര്‍ണം വാങ്ങിയത്. പണം നല്‍കിയതിന്റെ തെളിവുകളും ഗോവര്‍ധന്‍ എസ്‌ഐടിക്ക് നല്‍കിയിരുന്നു. ബോധപൂര്‍വം തട്ടിപ്പിന് കൂട്ടുനിന്നിട്ടില്ലെന്നും ശബരിമലയിലെ ആവശ്യത്തിനെന്ന് പറഞ്ഞാണ് പലപ്പോഴും പണം നല്‍കിയതെന്നും സുഹൃത്തെന്ന നിലയിലാണ് സ്വര്‍ണം വാങ്ങിയതെന്നുമാണ് ഗോവര്‍ധന്‍ മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍, ശബരിമലയിലെ സ്വര്‍ണമാണെന്നും അത് ദേവസ്വം സ്വത്താണെന്നും വ്യക്തമായി അറിഞ്ഞുകൊണ്ടാണ് ഗോവര്‍ധന്‍ തട്ടിപ്പിന് കൂട്ടുനിന്നതെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍.

Tags: