ശബരിമല സ്വര്‍ണക്കൊള്ള: മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ അറസ്റ്റില്‍

Update: 2025-11-01 02:37 GMT

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ക്ഷേത്രം മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ അറസ്റ്റില്‍. 2019 കാലത്ത് എക്‌സിക്യുട്ടീവ് ഓഫീസറായിരുന്ന ഡി സുധീഷ് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ പ്രത്യേകസംഘം ഇയാളെ ചോദ്യം ചോദ്യംചെയ്തു വരികയായിരുന്നു. ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവിന്റെ കസ്റ്റഡി കാലാവധി വെള്ളിയാഴ്ച അവസാനിച്ചിരുന്നു. അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കിയതിനു പിന്നാലെയാണ് സുധീഷ് കുമാറിനെ ചോദ്യംചെയ്യാന്‍ തുടങ്ങിയത്. നേരത്തെ അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റി, മുരാരി ബാബു എന്നിവരില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സുധീഷ് കുമാറിനെ ചോദ്യംചെയ്യാന്‍ തീരുമാനിച്ചതും തുടര്‍ന്നുള്ള അറസ്റ്റും.

വിജയ് മല്യ ശബരിമലയില്‍ സ്വര്‍ണം പൂശിയ കാലത്തെ ഫയലുകള്‍ പ്രത്യേക അന്വേഷണസംഘം കഴിഞ്ഞദിവസം കണ്ടെത്തി. ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെ മരാമത്ത് ചീഫ് എന്‍ജിനിയറുടെ ഓഫീസില്‍നിന്നാണ് രേഖകള്‍ ലഭിച്ചത്. നേരത്തേ ഈ രേഖകള്‍ ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡിനു കത്തു നല്‍കിയിരുന്നെങ്കിലും കാണാനില്ലെന്നായിരുന്നു മറുപടി. 30.3 കിലോഗ്രാമോളം സ്വര്‍ണം ഉപയോഗിച്ചുവെന്നാണ് കരുതുന്നത്. വിജയ് മല്യ എത്ര സ്വര്‍ണം ഉപയോഗിച്ചുവെന്നത് കൃത്യമായി രേഖകളില്‍നിന്നു വ്യക്തമാകും. ഇതു പരിശോധിച്ചശേഷം ഇപ്പോഴുള്ള സ്വര്‍ണത്തിന്റെ അളവ് കണക്കാക്കും. ഇതിലൂടെയാകും സ്വര്‍ണത്തിന്റെ കുറവ് കണ്ടെത്തുകയെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറഞ്ഞു.