ശബരിമല സ്വര്‍ണക്കൊള്ള; നിയമസഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം
സ്പീക്കറുടെ മുഖം മറച്ച് ബാനര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിയമസഭയില്‍ പ്രതിഷേധവുമായി ഇന്നും പ്രതിപക്ഷം. സ്പീക്കറുടെ മുഖം മറയ്ക്കാതിരിക്കാന്‍ വാച്ച് ആന്‍ഡ് വാര്‍ഡിനെ നിര്‍ത്തി. ദേവസ്വം മന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വീണ്ടും ആവശ്യപ്പെട്ടു. നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം സ്പീക്കറുടെ മുഖം മറച്ച് ബാനര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു.
പ്രതിപക്ഷത്തിനെതിരെ വിമര്‍ശനവുമായി സ്പീക്കര്‍ രംഗത്തുവന്നു. ഇന്നലെ ഗ്യാലറിയിലുണ്ടായിരുന്നത് സ്‌കൂള്‍ കുട്ടികളായിരുന്നു. കുട്ടികള്‍ ഇതാണോ കണ്ടുപഠിക്കേണ്ടതെന്നും സ്പീക്കര്‍ എ എന്‍ ഷംസീര്‍ ചോദിച്ചു. സഭ തടസപ്പെടുത്തി അതില്‍ ആഹ്ലാദം കണ്ടെത്തുകയാണ് പ്രതിപക്ഷമെന്ന് സേവ്യര്‍ ചിറ്റിലപ്പള്ളി പറഞ്ഞു. ലെവല്‍ ക്രോസ് പോലെ പ്രതിപക്ഷം വികസനം തടസപ്പെടുത്തുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി. ഒരു റെയില്‍വേ ഓവര്‍ ബ്രിഡ്ജ് പോലെ അതിനെ ഭരണപക്ഷം മറികടക്കും. ഇന്ന് സ്പീക്കറുടെ മുഖം കാണാന്‍ കഴിയുന്നുണ്ട്. മൊത്തത്തില്‍ തടസ്സപ്പെടുത്താന്‍ പ്രതിപക്ഷത്തിന് കഴിയുന്നില്ലെന്നും റിയാസ് പറഞ്ഞു.