ശബരിമല സ്വര്‍ണക്കൊള്ള; പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഇന്ന് കോടതിയില്‍ റിപോര്‍ട്ട് നല്‍കും

Update: 2025-10-21 04:59 GMT

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഇന്ന് കോടതിയില്‍ റിപോര്‍ട്ട് നല്‍കും. റിപോര്‍ട്ടില്‍ നിര്‍ണായക വിവരങ്ങളുണ്ടെന്നാണ് സൂചന. കേസില്‍ ഇതിനോടകം നിരവധിപേരെ എസ്ഐടി ചോദ്യം ചെയ്തുകഴിഞ്ഞു. മഹസറില്‍ ഒപ്പിട്ട ആര്‍ രമേശ് അടക്കമുള്ളവരെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്.

ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണമോഷണവും കട്ടിളപ്പാളിയിലെ സ്വര്‍ണമോഷണവും എന്നിങ്ങനെ രണ്ടുകേസുകളാണ് എസ്‌ഐടി എടുത്തിട്ടുള്ളത്. രണ്ടുകേസിലും ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് ഒന്നാം പ്രതി. കട്ടിളപ്പാളിയിലെ സ്വര്‍ണമോഷണത്തില്‍ എട്ടുപേരാണ് പ്രതികള്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്ത് കല്‍പേഷ്, 2019 ലെ ദേവസ്വം കമ്മീഷണര്‍, എ പത്മകുമാര്‍ പ്രസിഡന്റായിരുന്ന 2019ലെ തിരുവിതാംകൂര്‍ ദേവസ്വം ഭരണസമിതി എന്നിങ്ങനെയായിരുന്നു പ്രതികള്‍.

ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണമോഷണത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയടക്കം പത്തുപേരാണ് പ്രതികള്‍. ശബരിമല മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, മുന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ സുനില്‍ കുമാര്‍, മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി സുധീഷ് കുമാര്‍, മുന്‍ ദേവസ്വം സെക്രട്ടറി ആര്‍ ജയശ്രീ, മുന്‍ തിരുവാഭരണ കമ്മീഷണര്‍ കെ എസ് ബൈജു , മുന്‍ തിരുവാഭരണ കമ്മീഷണര്‍ ആര്‍ ജി രാധാകൃഷ്ണന്‍, മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ രാജേന്ദ്ര പ്രസാദ്, മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ രാജേന്ദ്രന്‍ നായര്‍, മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

അതേസമയം ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസില്‍ ഹൈക്കോടതിയിലെ നടപടികള്‍ ഇന്ന് മുതല്‍ അടച്ചിട്ട കോടതി മുറിയിലാണ് നടക്കുക. ഹൈക്കോടതി രജിസ്ട്രാര്‍ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.

Tags: