ശബരിമല സ്വര്‍ണക്കൊള്ള; അന്വേഷണത്തില്‍ തൃപ്തി, ആവശ്യമെങ്കില്‍ എസ്ഐടി വിപുലീകരിക്കാമെന്ന് ഹൈക്കോടതി
എസ്ഐടി വിപുലീകരിക്കാന്‍ എഡിജിപി എച്ച് വെങ്കിടേഷിന് ഹൈക്കോടതി അധികാരം നല്‍കി
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എസ്‌ഐടി അന്വേഷണത്തില്‍ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. കേസില്‍ എസ്ഐടി സംഘത്തെ വിപുലീകരിക്കാന്‍ അധികാരം നല്‍കി കോടതി. എഡിജിപി എച്ച് വെങ്കിടേഷിനാണ് ഇത് സംബന്ധിച്ച് ഹൈക്കോടതി അധികാരം നല്‍കിയത്. സത്യസന്ധരായ ഉദ്യോഗസ്ഥരെ എസ്ഐടിയില്‍ ഉള്‍പ്പെടുത്താമെന്നും ഹൈക്കോടതിയെ ഇക്കാര്യം ബോധ്യപ്പെടുത്തണമെന്നും ഇടക്കാല ഉത്തരവിലുണ്ട്. ഇതുവരെ 181 സാക്ഷികളെ ചോദ്യം ചെയ്തതായി എസ്‌ഐടി ഹൈക്കോടതിയെ അറിയിച്ചു.
നാല് ഘട്ടം അന്വേഷണം പൂര്‍ത്തിയായതായി എസ്‌ഐടി ഹൈക്കോടതിയെ അറിയിച്ചു. ഇതില്‍ കോടതി തൃപ്തിയും രേഖപ്പെടുത്തി. കേസില്‍ ഇതുവരെ 181 സാക്ഷികളുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. പിന്നാലെയാണ് കേസിലെ അന്വേഷണ സംഘത്തെ വിപുലീകരിക്കാനുള്ള അനുമതി നല്‍കിയത്. പുതിയ ഉദ്യോഗസ്ഥരെ സംഘത്തില്‍ ഉള്‍പ്പെടുത്തുമ്പോള്‍ ആ വിവരം കോടതിയെ റിപോര്‍ട്ട് വഴി അറിയിക്കണമെന്നും നിര്‍ദേശം. പുറത്തുനിന്നുള്ള സമ്മര്‍ദ്ദങ്ങള്‍ക്കോ തെറ്റായ പ്രചാരണങ്ങള്‍ക്കോ വഴങ്ങരുത്. ഭയരഹിതമായും കൃത്യതയോടെയും അന്വേഷണം തുടരാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. തെളിവുകള്‍ ശേഖരിക്കുന്നതിനായി അന്വേഷണ സംഘം കേരളത്തിന് പുറത്തും പരിശോധനകള്‍ നടത്തിയെന്ന് എസ്‌ഐടി കോടതിയെ അറിയിച്ചു. കൂടുതല്‍ സമയം വേണമെന്ന എസ്‌ഐടി ആവശ്യം കോടതി അംഗീകരിച്ചു.
അന്വേഷണ സംഘത്തിനുമേല്‍ മാധ്യമങ്ങള്‍ അനാവശ്യ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് എസ്‌ഐടി അറിയിച്ചു. കേസില്‍ മാധ്യമവിചാരണ പാടില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. അന്വേഷണത്തില്‍ ഇടപെടുന്നത് നീതിനിര്‍വ്വഹണത്തിന് തടസ്സമാകുമെന്നും എസ്‌ഐടിയെ സമ്മര്‍ദ്ദത്തിലാക്കുന്ന തരത്തിലുള്ള റിപോര്‍ട്ടുകള്‍ നല്‍കുന്നതില്‍ നിന്നും മാധ്യമങ്ങള്‍ വിട്ടുനില്‍ക്കണമെന്നും ഹൈക്കോടതി സൂചിപ്പിച്ചു. കേവലം സങ്കല്‍പ്പങ്ങളുടേയും ഊഹാപോഹങ്ങളുടേയും അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള റിപോര്‍ട്ടുകള്‍ നീതീകരിക്കാനാവാത്തതാണ്. മാധ്യമ ഇടപെടലുകള്‍ അന്വേഷണത്തിന്റെ സുതാര്യതയെ ബാധിക്കും. ഗൗരവകരമായ ഈ അന്വേഷണം മാധ്യമ വിചാരണയുടെ നിഴലിലല്ല നടക്കേണ്ടതെന്നും കോടതി നിരീക്ഷിച്ചു.
വിക്രം സാരാഭായി സ്‌പേസ് സെന്ററിന്റെ സഹായത്തോടെയും അന്വേഷണം എസ്‌ഐടി നടത്തുന്നു. സ്വര്‍ണപ്പാളികള്‍ മാറ്റി സ്ഥാപിക്കപ്പെട്ടോ എന്നതിലാണ് ശാസ്ത്രീയ പരിശോധന. വിക്രം സാരാഭായി സ്‌പേസ് സെന്ററിലെ ശാസ്ത്രജ്ഞര്‍ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനകള്‍ നടത്തുന്നു. ഇതിന്റെ ഫലം കൂടുതല്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍. നിര്‍ണായക വിവരങ്ങള്‍ അടങ്ങിയ റിപോര്‍ട്ടാണ് ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചത്. കേസില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ദേവസ്വം വകുപ്പ് പ്രസിഡന്റായിരുന്ന പി എസ് പ്രശാന്ത് എന്നിവരുടെ ചോദ്യം ചെയ്യലിനും എന്‍ വിജയകുമാറിന്റെ അറസ്റ്റിനും ശേഷമുള്ള അന്വേഷണ വിവരങ്ങള്‍ ഉള്‍പ്പെടുന്ന റിപോര്‍ട്ടാണ് സമര്‍പ്പിച്ചത്.

