ശബരിമല സ്വര്‍ണക്കൊള്ള; മന്ത്രിമാര്‍ അറിയാതെ ഒന്നും നടക്കില്ല: കെ മുരളീധരന്‍
തിരുവനന്തപുരം: ശബരിമലയില്‍ മന്ത്രിമാര്‍ അറിയാതെ ഒന്നും നടക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഹൈക്കോടതി നിരീക്ഷണം ഉള്ളതിനാലാണ് അന്വേഷണം ഇത്രയൊക്കെ എത്തിയത്. ഇനി അന്വേഷണം മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനിലേക്കും ഇപ്പോഴത്തെ ദേവസ്വം മന്ത്രി മന്ത്രി വി എന്‍ വാസവനിലേക്കും എത്തുമെന്നും അദ്ദേഹം പറഞ്ഞു.
ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ പലതും വിളിച്ച് പറയുമെന്നാണ് സിപിഎമ്മിന് ഇപ്പോള്‍ ഭയം. അതുകൊണ്ടാണ് ഇത്രയൊക്കെ ആയിട്ടും അയാള്‍ക്കെതിരേ പാര്‍ട്ടി നടപടിയെടുക്കാത്തതെന്നും മുരളീധരന്‍ പറഞ്ഞു.
അതേസമയം, ശബരിമല സ്വര്‍ണപ്പാളിക്കേസില്‍ അറസ്റ്റിലായ മുന്‍ ദേവസ്വം പ്രസിഡന്റ് എ പത്മകുമാറിന്റെ പാസ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്തു. ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം ബ്രിട്ടന്‍ യാത്രകളില്‍ പത്മകുമാറും പോയിരുന്നോ എന്നറിയാനാണ് ശ്രമം. ആറന്മുളയിലെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് അന്വേഷണ സംഘം പാസ്പോര്‍ട്ട് പിടിച്ചെടുത്തത്. പത്മകുമാറിന്റെയും ഭാര്യയുടെയും ആദായനികുതി രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ഇരുവരുടെയും ആസ്തികളിലും അന്വേഷണം നടത്തും.