ശബരിമല സ്വര്‍ണക്കൊള്ള; അറിയുന്ന വിവരങ്ങള്‍ അന്വേഷണ സംഘത്തിന് മുന്നില്‍ പറഞ്ഞു- രമേശ് ചെന്നിത്തല

Update: 2025-12-14 16:52 GMT

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ മൊഴി നല്‍കി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തനിക്കറിയാവുന്ന വിവരങ്ങള്‍ പങ്കുവെച്ചെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. വിവാദവുമായി ബന്ധപ്പെട്ട് തനിക്ക് ലഭിച്ച വിവരങ്ങള്‍ ഞാന്‍ എസ്‌ഐടിയുടെ മുന്‍പില്‍ പറഞ്ഞിട്ടുണ്ട്. അതെല്ലാം അവര്‍ നോട്ട് ചെയ്തിട്ടുണ്ട്. ഒരു പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ തനിക്ക് ലഭിച്ച വിവരങ്ങളാണ് കൈമാറിയത്, തെളിവുകളല്ലെന്നും ചെന്നിത്തല പറഞ്ഞു. പുരാവസ്തു കള്ളക്കടത്ത് സംഘങ്ങള്‍ക്ക് ബന്ധമെന്ന ആരോപണത്തിനു പിന്നാലെയാണ് ഈഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി രമേശ് ചെന്നിത്തല മൊഴി നല്‍കിയത്.

പുരാവസ്തു കള്ളക്കടത്ത് സംഘങ്ങള്‍ക്ക് ശബരിമല സ്വര്‍ണ മോഷണവുമായുള്ള ബന്ധം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ചയാണ് രമേശ് ചെന്നിത്തല എസ്‌ഐടി തലവന്‍ ശ്രീ വെങ്കിടേഷിന് കത്ത് നല്‍കിയത്. സ്വര്‍ണക്കടത്ത് സംബന്ധിച്ച വിവരങ്ങള്‍ ഒരു വ്യവസായിയാണ് തന്നോട് വ്യക്തമാക്കിയത് എന്നായിരുന്നു രമേശ് ചെന്നിത്തല മുന്‍പ് അറിയിച്ചത്. ഇതിനു പിന്നാലെ രമേശ് ചെന്നിത്തലയുടെ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണസംഘം തീരുമാനിക്കുകയായിരുന്നു. തനിക്കു ലഭിച്ച മുഴുവന്‍ വിവരങ്ങളും പ്രത്യേകാന്വേഷണ സംഘത്തിന് നല്‍കിയിട്ടുണ്ട്. ഒരു പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ലഭിച്ച വിവരങ്ങളാണ് കൈമാറിയത്, തെളിവുകളല്ല. ഇനി അതേക്കുറിച്ച് കൂടുതല്‍ അന്വേഷിച്ച് വസ്തുതകള്‍ കണ്ടെത്തേണ്ട ഉത്തരവാദിത്വം പ്രത്യേകാന്വേഷണ സംഘത്തിനാണെന്നും ചെന്നിത്തല വ്യക്തമാക്കി.

തനിക്ക് വിവരങ്ങള്‍ നല്‍കിയ വ്യവസായിയെ വിളിച്ചുവരുത്തണോ എന്നത് അന്വേഷണോദ്യോഗസ്ഥര്‍ തീരുമാനിക്കണം. ഇന്റര്‍നാഷണല്‍ ആന്റിക്‌സ് സ്മഗ്ലേഴ്‌സ്, സുഭാഷ് കപൂര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഹൈക്കോടതി തന്നെ പറഞ്ഞിട്ടുണ്ട്. കൈമാറിയ ഈ വിവരങ്ങള്‍ ഇനി അന്വേഷണത്തിന് വിധേയമാക്കേണ്ടതാണ്. അന്വേഷണത്തെ സാരമായി ബാധിക്കുമെന്നതിനാല്‍ വ്യവസായി പറഞ്ഞ കാര്യങ്ങളെല്ലാം പരസ്യമായി വെളിപ്പെടുത്താന്‍ കഴിയില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Tags: