ശബരിമല ആടിയ നെയ്യ് ക്രമക്കേട്; ദേവസ്വം ജീവനക്കാരന്‍ സുനില്‍കുമാര്‍ പോറ്റി അറസ്റ്റില്‍

കേസിലെ ആദ്യ അറസ്റ്റ്

Update: 2026-02-04 13:58 GMT

തിരുവനന്തപുരം: ശബരിമല ആടിയ നെയ്യ് ക്രമക്കേടില്‍ ദേവസ്വം ജീവനക്കാരന്‍ സുനില്‍ കുമാര്‍ പോറ്റി അറസ്റ്റില്‍. വിജിലന്‍സിന്റെ പ്രത്യേകസംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നെയ്യ് വില്‍പ്പനയില്‍ ക്രമക്കേടുകള്‍ നടത്തി 36 ലക്ഷത്തോളം രൂപ തട്ടിയെടുത്തതിന് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആലപ്പുഴ അരൂര്‍ സ്വദേശി കെ ആര്‍ സുനില്‍കുമാര്‍ പോറ്റിയേയാണ് ബുധനാഴ്ച വിജിലന്‍സ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഒരു ക്ഷേത്രത്തിലെ കീഴ്ശാന്തിയാണ്. ശബരിമല സ്വര്‍ണക്കൊള്ളയ്ക്കു പിറകെയാണ് ആടിയ നെയ്യ് വില്‍പനയിലും ലക്ഷങ്ങളുടെ ക്രമക്കേട് ഹൈക്കോടതി കണ്ടെത്തിയത്. 36 ലക്ഷം രൂപയുടെ ക്രമക്കേടില്‍ ദേവസ്വം ജീവനക്കാരന്‍ സുനില്‍ പോറ്റിയെ സസ്‌പെന്‍ഡ് ചെയ്തതിരുന്നു.

മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ ആടിയ ശിഷ്ടം നെയ് പായ്ക്കറ്റിലാക്കി വില്‍പന നടത്തുന്നതിനായി ദേവസ്വം ബോര്‍ഡ് ചുമതലപ്പെടുത്തിയിരുന്നത് സുനില്‍കുമാറിനെയാണ്. നെയ്യ് പായ്ക്കറ്റുകള്‍ വിറ്റുകിട്ടിയ മുഴുവന്‍ തുകയും ബോര്‍ഡില്‍ അടയ്ക്കാതെ ജീവനക്കാര്‍ സ്റ്റോക്കില്‍ ക്രമക്കേട് നടത്തി ദേവസ്വം ബോര്‍ഡിനു, 36,24,400 രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടായെന്നാണ് കേസ്. കേസിലെ 13ാം പ്രതിയാണ് ദേവസ്വം ബോര്‍ഡിലെ കീഴ്ശാന്തിയായ സുനില്‍കുമാര്‍ പോറ്റി. വിജിലന്‍സിന്റെ പത്തനംതിട്ട യൂണിറ്റാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ആടിയ നെയ്യ് 100 മില്ലി പാക്കറ്റ് 100 രൂപ നിരക്കില്‍ വിറ്റിരുന്നു. ഇതിലാണ് തട്ടിപ്പ് നടത്തിയത്. 30 ശാന്തിക്കാരും മൂന്ന് ദേവസ്വംബോര്‍ഡ് ജീവനക്കാരുമാണ് പ്രതികള്‍. 13,675 പാക്കറ്റ് നെയ്യാണ് കാണാതായത്. പാക്കിങ്ങിനടക്കം കൃത്യമായ കണക്കില്ലായിരുന്നുവെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. നെയ്യ് കൗണ്ടറില്‍ ജോലി ചെയ്തവരെ എല്ലാം പ്രതികളാക്കിയാണ് വിജിലന്‍സ് കേസെടുത്തത്. ആടിയശിഷ്ടം നെയ്യ് വിതരണത്തില്‍ ഏര്‍പ്പെട്ടിരുന്ന സുനില്‍ കുമാര്‍ പോറ്റി വില്‍പനയിലൂടെ ലഭിച്ച 68,200 രൂപ ദേവസ്വത്തില്‍ അടയ്ക്കാതെ 17 ദിവസം കൈവശം വച്ചതായും കണ്ടെത്തി.

Tags: