1380 കോടി വർഷങ്ങളുടെ കഥ പറയാനൊരുങ്ങി എമിറേറ്റ്സിലെ സഅദിയാത്ത്

Update: 2025-10-22 05:42 GMT

അബൂദബി: എമിറേറ്റിലെ സഅദിയാത്ത് സാംസ്‌കാരിക ജില്ലയില്‍ ഇനി രണ്ടുപുതിയ മ്യൂസിയങ്ങള്‍. 35,000 ചതുരശ്ര മീറ്ററില്‍ പണിത നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം നവംബര്‍ 22നു തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അതിനു പിന്നാലെ, ഡിസംബര്‍ മൂന്നിന് സന്ദര്‍ശകര്‍ക്കായി 'സായിദ് നാഷണല്‍ മ്യൂസിയം' തുറക്കാനൊരുങ്ങിയിരുക്കകയാണ്.

ബിഗ് ബാങ് മുതല്‍ ഡൈനോസറുകളുടെ ഉല്‍ഭവവും നാശവും, ഭൂമിയുടെ ജീവവൈവിധ്യവും ഉള്‍പ്പെടെ 1380 കോടി വര്‍ഷങ്ങളായി നീളുന്ന ഭൂമിയുടെ ചരിത്രമാണ് നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം അവതരിപ്പിക്കുന്നത്. ദ സ്റ്റോറി ഓഫ് എര്‍ത്ത്, ദ ഇവോള്‍വിങ് വേള്‍ഡ്, അവര്‍ വേള്‍ഡ്, റെസിലിയന്റ് പ്ലാനറ്റ്, എര്‍ത്ത്സ് ഫ്യൂച്ചര്‍ തുടങ്ങിയ പ്രധാന ഗാലറികള്‍ക്കും, പെയ്‌ലിയോ ലാബ്, ലൈഫ് സയന്‍സ് ലാബ്, അറേബ്യാസ് ക്ലൈമറ്റ്, ദ ഹ്യൂമന്‍ സ്റ്റോറി തുടങ്ങിയ ഉപഗാലറികള്‍ക്കും വഴിയൊരുങ്ങും.

''അബൂദബിയുടെ സാംസ്‌കാരിക ഭൂപടത്തില്‍ ഒരു നിര്‍ണായക നാഴികക്കല്ലായിരിക്കും ഈ മ്യൂസിയങ്ങള്‍,'' എന്ന് ടൂറിസം വിനോദസഞ്ചാര വകുപ്പിന്റെ ചെയര്‍മാന്‍ മുഹമ്മദ് ഖലീഫ അല്‍ മുബാറക് അഭിപ്രായപ്പെട്ടു.

അതേസമയം, പ്രശസ്ത ആര്‍കിടെക്ട് ലോര്‍ഡ് നോര്‍മന്‍ ഫോസ്റ്ററുടെ രൂപകല്‍പ്പനയില്‍ പണിത 'സായിദ് നാഷണല്‍ മ്യൂസിയം' അറേബ്യന്‍ കാഴ്ചപ്പാടില്‍ നിന്ന് മനുഷ്യചരിത്രം അവതരിപ്പിക്കും. അല്‍ ഐനിലെ ജബല്‍ ഹഫീത്തില്‍ കണ്ടെത്തിയ മൂന്നുലക്ഷം വര്‍ഷം പഴക്കമുള്ള ശിലായുഗ ഉപകരണങ്ങളും, 67 ദശലക്ഷം വര്‍ഷം പഴക്കമുള്ള ടൈറന്നോസറസ് റെക്‌സ് സ്‌കെല്‍റ്റണും ഇവിടെ പ്രദര്‍ശനത്തിലുണ്ടാകും.

Tags: