ഷെയ്ഖ് ഹസീനയ്ക്ക് ഇന്ത്യയില്‍ അഭയം നല്‍കിയതില്‍ പ്രതികരിച്ച് എസ് ജയശങ്കര്‍

അവര്‍ക്ക് എത്ര കാലം വേണമെങ്കിലും താമസിക്കാം

Update: 2025-12-07 11:40 GMT

ന്യൂഡല്‍ഹി: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയില്‍ തുടരുന്നത് അവരുടെ വ്യക്തിപരമായ തീരുമാനമാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. സാഹചര്യങ്ങളാണ് ബംഗ്ലാദേശ് നേതാവിനെ ഇന്ത്യയിലെത്തിച്ചതെന്നും മടക്കവുമായി ബന്ധപ്പെട്ട കാര്യത്തില്‍ അവര്‍ തന്നെയാണ് തീരുമാനം എടുക്കേണ്ടതെന്നാണ് ഇന്ത്യയുടെ നയമെന്നും ജയശങ്കര്‍ പറഞ്ഞു. ബഹുജന പ്രക്ഷോഭത്തെ തുടര്‍ന്ന് 2024 ആഗസ്റ്റിലാണ് 78കാരിയായ ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തിയത്.

പ്രക്ഷോഭത്തില്‍ നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആ സാഹചര്യത്തിലാണ് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്തത്. 2024ല്‍ ബംഗ്ലാദേശില്‍ നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അടിച്ചമര്‍ത്തിയ കേസില്‍ ഷെയ്ഖ് ഹസീനക്ക് ഇന്റര്‍നാഷനല്‍ ക്രൈംസ് െ്രെടബ്യൂണല്‍ ഓഫ് ബംഗ്ലദേശ് വധശിക്ഷ വിധിച്ചിരുന്നു. ഇക്കഴിഞ്ഞ ആഗസ്റ്റ് മൂന്നിനാണ് ഷെയ്ഖ് ഹസീനയെ വിചാരണ ചെയ്യാന്‍ പ്രത്യേക ട്രൈബ്യൂണല്‍ അനുമതി നല്‍കിയത്.

അധികാരം ഉപയോഗിച്ച് മാനവികതയ്ക്കുമേല്‍ ഹസീന ആക്രമണം നടത്തിയെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍. വിദ്യാര്‍ഥികള്‍ക്കു നേരെയുണ്ടായ വെടിവെയ്പ്പിനെക്കുറിച്ച് ഇവര്‍ക്ക് അറിവുണ്ടായിരുന്നുവെന്നും കോടതി വിലയിരുത്തിയിരുന്നു. പ്രതിഷേക്കാര്‍ക്കു നേരെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ആക്രമണം നടത്താന്‍ ഷെയ്ഖ് ഹസീന നിര്‍ദേശിച്ചിരുന്നു. രാഷ്ട്രീയ അഭയം തേടിയ ഹസീന നിലവില്‍ ഇന്ത്യയിലാണുള്ളത്.

Tags: