പാലക്കാട്: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാറിനെതിരെ ലൈംഗിക പീഡന പരാതി. പാലക്കാട് സ്വദേശിയായ യുവതിയാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന് പരാതി നല്‍കിയത്. ആര്‍എസ്എസിന് പരാതി നല്‍കിയിട്ട് ഗുണമുണ്ടായില്ലെന്നും പരാതിക്കാരി രാജീവ് ചന്ദ്രശേഖറിന് നല്‍കിയ പരാതിയില്‍ പരാമര്‍ശമുണ്ടെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.
കഴിഞ്ഞ ദിവസമാണ് രാജീവ് ചന്ദ്രശേഖറിന്റെ ഓഫീസിലേക്ക് യുവതി പരാതി ഇ മെയിലായി അയക്കുന്നത്. കൃഷ്ണകുമാര്‍ പീഡിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്നു. ബിജെപിയുടെ ഉന്നത നേതാക്കള്‍ മുമ്പാകെയും ആര്‍എസ്എസ് കാര്യാലയത്തിലെത്തിയും പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഇത് ചൂണ്ടിക്കാണിച്ചാണ് രാജീവ് ചന്ദ്രശേഖറിന് പരാതി അയച്ചതെന്നും യുവതി വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവിലാണെന്നും അദ്ദേഹം മടങ്ങിയെത്തിയ ശേഷം നടപടി സ്വീകരിക്കാമെന്ന് കാണിച്ച് അദ്ദേഹത്തിന്റെ ഓഫീസ് യുവതിക്ക് മറുപടിയും അയച്ചിട്ടുണ്ട്.
പാലക്കാട്ടെ ബിജെപിയില്‍ വലിയ സ്വാധീനമുള്ളയാളാണ് കൃഷ്ണകുമാര്‍. അതിനാല്‍ തന്നെ കഴിഞ്ഞ നിരവധി തിരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി. റാപ്പര്‍ വേടനെതിരെ ഇയാളുടെ ഭാര്യ പരാതി നല്‍കിയിരുന്നു.
ചാറ്റിങ് ആരോപണ വിധേയനായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവയ്ക്കാത്തതിനെ നേരത്തെ കൃഷ്ണകുമാര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മുതിര്‍ന്ന നേതാക്കളുടെ പല കഥകളും രാഹുലിന്റെ കൈയ്യിലുണ്ടെന്നും രാഹുല്‍ രാജിവെക്കും വരെ പ്രക്ഷോഭമുണ്ടാകുമെന്നും സി കൃഷ്ണകുമാര്‍ പറഞ്ഞു. '' രാഹുലിനെ എംഎല്‍എ എന്ന നിലയില്‍ ഒരൊറ്റ പരിപാടിയിലും പങ്കെടുക്കാന്‍ അനുവദിക്കില്ല. കോണ്‍ഗ്രസിന് ഉപതെരഞ്ഞെടുപ്പ് പേടിയാണ്. വീണ്ടും മത്സരിച്ചാല്‍ കോണ്‍ഗ്രസ് തോല്‍ക്കുമെന്നാണ് ഭയം. ജനങ്ങളെ നേരിടാന്‍ ഷാഫി പറമ്പിലിന് കഴിയില്ല. കോണ്‍ഗ്രസ് പാലക്കാടിന് തന്നത് ഒരു ചവറിനെയാണ്.'- സി കൃഷ്ണകുമാര്‍ പറഞ്ഞിരുന്നു.
