തിരുവനന്തപുരം: കോവളം ബീച്ചില്‍ റഷ്യന്‍ വനിതയെ തെരുവു നായ കടിച്ചു. പൗളിനയെയാണ്(31) തെരുവുനായ ആക്രമിച്ചത്. യുവതിയുടെ വലതു കണങ്കാലിലാണ് തെരുവുനായ കടിച്ചത്. കണങ്കാലില്‍ ഗുരുതരമായി പരിക്കേറ്റു.
ഇന്ന് വൈകീട്ടോടെയായിരുന്നു സംഭവം. ബീച്ചിലൂടെ നടന്നുപോകുന്നതിനിടെ യാതൊരു പ്രകോപനവും ഇല്ലാതെയായിരുന്നു തെരുവുനായയുടെ ആക്രമണമുണ്ടായത്. കടിയേറ്റ ഉടനെ വിഴിഞ്ഞം സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലെത്തിച്ച് ചികില്‍സ നല്‍കിയതിനു ശേഷം തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. ലൈഫ് ഗാര്‍ഡ് ഉള്‍പ്പെടെ മൂന്നു പേരെ ഇതേ നായ കടിച്ച് പരിക്കേല്‍പ്പിച്ചിരുന്നുവെന്ന് സമീപത്തെ ഹോട്ടലുടമ പറഞ്ഞു. ടൂറിസ്റ്റുകള്‍ ഒരുപാടെത്തുന്ന കോവളത്ത് തെരുവുനായകളുടെ ശല്യം രൂക്ഷമാണ്.