ദമസ്‌കസ്: വടക്കുകിഴക്കന്‍ സിറിയയില്‍ നിന്നും റഷ്യന്‍ സൈന്യം പിന്‍വാങ്ങുന്നു. കുര്‍ദ് നേതൃത്വത്തിലുള്ള എസ്ഡിഎഫില്‍ നിന്നും സിറിയന്‍ അറബ് സൈന്യം വിവിധ പ്രദേശങ്ങള്‍ പിടിച്ചെടുക്കുന്നതിനാലാണ് റഷ്യന്‍ സൈന്യം മാറുന്നത്. 2019 മുതല്‍ ഖാമിഷ്‌ലി പ്രദേശത്ത് ഏതാനും റഷ്യന്‍ സൈനികരെ വിന്യസിച്ചിരുന്നു. ഇവരാണ് പിന്‍മാറുന്നത്. മൈംമിം വ്യോമതാവളത്തിലേക്ക് മാറുന്ന ഇവര്‍ റഷ്യയിലേക്ക് തിരികെ പോവും. അതേസമയം, ഈ മാസം 28ന് റഷ്യ സന്ദര്‍ശിക്കുമെന്ന് സിറിയന്‍ പ്രസിഡന്റ് അഹമദ് അല്‍ ഷറ അറിയിച്ചു. സിറിയയുടെ മുന്‍ പ്രസിഡന്റായിരുന്ന ബശ്ശാറുല്‍ അസദിനെ വിട്ടുകിട്ടണമെന്ന ആവശ്യവും അല്‍ ഷറ ഉന്നയിക്കും. നിലവില്‍ ബശ്ശാറുല്‍ അസദ് റഷ്യയിലാണ് താമസിക്കുന്നത്.
സിറിയന്‍ അറബ് സൈന്യവും എസ്ഡിഎഫും തമ്മില്‍ 15 ദിവസത്തെ വെടിനിര്‍ത്തലുണ്ടെങ്കിലും ചില പ്രദേശങ്ങളില്‍ ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. സിറിയന്‍ അറബ് സൈന്യത്തിനെതിരേ യുഎസ് പിന്തുണ നല്‍കുന്നില്ലെന്ന് എസ്ഡിഎഫ് ആരോപിക്കുന്നു. എന്നാല്‍, എസ്ഡിഎഫുമായുള്ള ബന്ധം താല്‍ക്കാലികമായിരുന്നുവെന്നാണ് യുഎസ് അധികൃതര്‍ പറയുന്നത്. ഐഎസ് സംഘടനയെ ആക്രമിക്കാനാണ് എസ്ഡിഎഫുമായി മുന്നണിയുണ്ടാക്കിയതെന്നാണ് യുഎസ് പറയുന്നത്. കുര്‍ദുകള്‍ക്ക് സ്ഥിരമായ രാഷ്ട്രീയ-സൈനിക പിന്തുണ പറഞ്ഞിട്ടില്ലെന്നും യുഎസ് വ്യക്തമാക്കി.