റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍ ഇന്ന് ഇന്ത്യയിലെത്തും

Update: 2025-12-04 05:12 GMT

ന്യൂഡല്‍ഹി: ദ്വിദിന സന്ദര്‍ശനത്തിനായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍ ഇന്ന് ഇന്ത്യയിലെത്തും. റഷ്യന്‍ പ്രസിഡന്റിനെ വരവേല്‍ക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് ന്യൂഡല്‍ഹിയില്‍ നടക്കുന്നത്. സ്വകാര്യ വിരുന്ന്, ഉഭയകക്ഷി ചര്‍ച്ചകള്‍, സിഇഒമാരുമായുള്ള കൂടിക്കാഴ്ച എന്നിവ സന്ദര്‍ശനത്തിന്റെ ഭാഗമായിരിക്കും.

യുദ്ധം അവസാനിപ്പിക്കാന്‍ പുടിനില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ ഇന്ത്യയോട് ആവശ്യപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. 2024 ജൂലൈയില്‍ മോസ്‌കോ സന്ദര്‍ശന വേളയിലും യുദ്ധം അവസാനിപ്പിക്കുന്നതിനെപ്പറ്റി മോദി ആവര്‍ത്തിച്ചിരുന്നു. സമാനമായ സന്ദേശം ഇത്തവണയും കൈമാറുമെന്നാണ് സൂചന. എന്നാല്‍ സംഘര്‍ഷം പരിഹരിക്കാന്‍ യുക്രൈന്‍, റഷ്യ, യൂറോപ്പ്, അമേരിക്ക തുടങ്ങിയ കക്ഷികള്‍ ഒരുമിച്ച് ഇരിക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്.

യുക്രൈന്‍ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള പുടിന്റെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനമാണിത്. 2022 ഫെബ്രുവരിയില്‍ യുദ്ധം തുടങ്ങിയ സമയത്ത് റഷ്യയെ ശക്തമായ വിയോജിപ്പ് അറിയിക്കണമെന്ന് ചില യൂറോപ്യന്‍ രാജ്യങ്ങള്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. അന്ന് റഷ്യന്‍ അധിനിവേശത്തെ നേരിട്ട് അപലപിക്കാന്‍ ഇന്ത്യ വിസമ്മതിച്ചിരുന്നുവെങ്കിലും, ബുച്ച കൂട്ടക്കൊലയില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നായിരുന്നു ഇന്ത്യയുടെ ആവശ്യം.

Tags: