റഷ്യന്‍ സൈനിക വിമാനം തകര്‍ന്നു വീണ് 29 പേര്‍ മരിച്ചു

Update: 2026-04-01 05:03 GMT

മോസ്‌കോ: റഷ്യന്‍ സൈനിക ചരക്ക് വിമാനം ക്രിമിയയിലെ മലനിരകളില്‍ തകര്‍ന്നു വീണ് 29 മരണം. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. വിമാനത്തിലുണ്ടായിരുന്ന 29 പേരും കൊല്ലപ്പെട്ടു. വിമാനത്തിലുണ്ടായിരുന്ന 23 യാത്രക്കാരും ആറ് ജീവനക്കാരും കൊല്ലപ്പെട്ടതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.

നിയന്ത്രണം നഷ്ടമായ അന്റോനോവ് An-26 കാര്‍ഗോ വിമാനമാണ് കരിങ്കടല്‍ തീരത്തെ ക്രിമിയന്‍ പെനിന്‍സുലയിലെ മലയിടുക്കിലേക്ക് ഇടിച്ചു കയറിയത്. വിമാനവുമായുള്ള ആശയവിനിമയം നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നു. അപകടസ്ഥലം കണ്ടെത്തിയതായും വിമാനത്തിലുണ്ടായിരുന്ന ആരും തന്നെ രക്ഷപ്പെട്ടിട്ടില്ലെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. സാങ്കേതിക തകരാറുകളാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തലെന്ന് ആര്‍ഐഎ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.