മുംബൈ: ആഗോള വിപണിയില്‍ എണ്ണവില കുറഞ്ഞതും ആഭ്യന്തര ഓഹരി വിപണിയില്‍ നേട്ടം രേഖപ്പെടുത്തിയതും ഇന്ത്യന്‍ രൂപയ്ക്ക് ശക്തിയായി. അമേരിക്കന്‍ ഡോളറിനെതിരേ രൂപയുടെ മൂല്യം 29 പൈസ ഉയര്‍ന്ന് 92.85 എന്ന നിലയില്‍ വ്യാപാരം അവസാനിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ ഡോളറിനെതിരേ തിരിച്ചടി നേരിട്ടിരുന്ന രൂപ ഇന്ന് മികച്ച തിരിച്ചുവരവാണ് നടത്തിയത്. വിദേശ വിനിമയ വിപണിയില്‍ 93.10 എന്ന നിലയില്‍ വ്യാപാരം ആരംഭിച്ച രൂപ പിന്നീട് ക്രമേണ കരുത്താര്‍ജിച്ചു. വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ 92.81 വരെയും ഉയര്‍ന്നു. റഷ്യന്‍ എണ്ണ ഇറക്കുമതിക്ക് അമേരിക്ക ഇളവുകള്‍ അനുവദിച്ചതും ഹോര്‍മുസ് കടലിടുക്കിലെ തടസ്സങ്ങള്‍ നീങ്ങിയതുമാണ് വിപണിയില്‍ അനുകൂല സാഹചര്യം സൃഷ്ടിച്ചത്. ഇതോടെ എണ്ണവില താഴ്ന്നതും രൂപയുടെ മൂല്യവര്‍ധനയ്ക്ക് സഹായകമായി.
ആഗോളതലത്തില്‍ ഡോളര്‍ ഇന്‍ഡക്‌സ് ദുര്‍ബലമായതും വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയിലേക്ക് വീണ്ടും തിരിഞ്ഞതും രൂപയുടെ നേട്ടത്തിന് കരുത്തായി. രൂപയുടെ മൂല്യം ഉയരുന്നത് രാജ്യത്തിന്റെ ഇറക്കുമതി ചെലവ് കുറയ്ക്കുന്നതിനാല്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് ആശ്വാസകരമാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. വരും ദിവസങ്ങളില്‍ അന്താരാഷ്ട്ര എണ്ണവിലയും പശ്ചിമേഷ്യയിലെ നയതന്ത്ര നീക്കങ്ങളും രൂപയുടെ ദിശ നിര്‍ണയിക്കുമെന്നാണ് സൂചന.